1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

സ്വന്തം ലേഖകൻ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഭരണമേറ്റെടുത്തതോടെ യുഎഇ പുതിയ വികസന യുഗത്തിലേക്ക്. സാമ്പത്തിക വൈവിധ്യവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള കൂടുതൽ പദ്ധതികളുമായിട്ടാകും രാജ്യത്തിന്റെ ഇനിയുള്ള ജൈത്രയാത്ര.

അറബ് മേഖലയിൽ രാജ്യത്തെ ഒന്നാമതെത്തിച്ച പല സുപ്രധാന പദ്ധതികളുടെയും നയപരിപാടികളുടെയും ആസൂത്രണത്തിൽ മുഖ്യപങ്കു വഹിച്ചതിന്റെ അനുഭവസമ്പത്തും നയതന്ത്ര പാടവവും ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. മുൻഗാമി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട വികസന പദ്ധതികളുടെ തുടർച്ച കൂടുതൽ വേഗത്തിലാകും.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഷെയ്ഖ് ഖലീഫ ഭരണകാര്യങ്ങളിൽ നിന്ന് വിട്ടുനിന്നപ്പോൾ ചുമതലകൾ നിർവഹിച്ച ഷെയ്ഖ് മുഹമ്മദിന് ഭരണതലങ്ങളിൽ അനുഭവ സമ്പത്ത് ഏറെയാണ്. 8 വർഷത്തിനകം 55,000 കോടി ദിർഹത്തിന്റെ നിക്ഷേപ പദ്ധതികളാണ് രാജ്യം ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക മുന്നേറ്റമാണ് ഷെയ്ഖ് മുഹമ്മദിന്റെ വികസന നയം. ബഹിരാകാശ, പാരമ്പര്യേതര ഊർജ പദ്ധതികളിലേക്ക് രാജ്യത്തെ നയിച്ചതും ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ്. മധ്യപൂർവ ദേശത്തെ ഇതര രാജ്യങ്ങളും യുഎഇയെ മാതൃകയാക്കി.

ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥ, പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം ഉറപ്പാക്കൽ, മികച്ച വിദ്യാഭ്യാസ സംവിധാനവും തൊഴിലവസരങ്ങളും, മേഖലയുടെ സൗഹൃദവും സ്ഥിരതയും ഉറപ്പാക്കൽ, രാജ്യസുരക്ഷയ്ക്കും വികസനത്തിനും പ്രത്യേക പരിഗണന, പ്രതിഭകളുടെയും നിക്ഷേപകരുടെയും രാജ്യാന്തര ആസ്ഥാനമാക്കൽ, രാഷ്ട്രീയ അകലങ്ങൾക്കതീതമായി അടിയന്തര ഘട്ടങ്ങളിൽ ഏതു രാജ്യത്തിനും സഹായ നൽകുക, ബന്ധങ്ങൾക്കും സമാധാനത്തിനും മുൻതൂക്കം നൽകുന്ന വിദേശനയം, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

യു.എ.ഇ പ്രസിഡന്‍റായി ചുമതലയേറ്റ ശൈഖ്​​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാന്​ പിന്തുണയും ആശംസയുമറിയിച്ച്​ ലോകനേതാക്കൾ. നിരവധി ഭരണാധികാരികളും രാഷ്ട്ര പ്രതിനിധികളും അബൂദബിയിൽ നേരിട്ടെത്തി പിന്തുണയറിയിച്ചിട്ടുണ്ട്​. ഇതിന്​ പുറമെ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ആശംസകൾ അറിയച്ചവരും ഏറെയാണ്​.

ഫ്രാൻസ്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി, ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ സീസി, ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ്​ പ്രസിഡൻറ്​ ബർഹാം സാലിഹ്, തുനീഷ്യൻ പ്രസിഡന്‍റ്​ കൈസ് സെയ്ദ് എന്നിവർ അബൂദബിയിൽ നേരിട്ടെത്തിയാണ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യണത്തിൽ അനുശോചനവും പുതിയ പ്രസിഡൻറിന്​ ആശംസയുമറിയിച്ചത്​.

ഊർജസ്വലതയും ദീർഘവീക്ഷണവും നിറഞ്ഞ ശൈഖ്​ മുഹമ്മദിന്‍റെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ തുടരുമെന്ന് ഉറപ്പുണ്ടെന്ന്​ ഇന്ത്യൻ പ്രധാനമന്ത്രി ന​രേന്ദ്രമോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു. പിന്തുണ അറിയിക്കുന്നതിന്​ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു നേരിട്ട്​ അബൂദബിയിലെത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ തന്‍റെ ദീർഘകാല സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വരും കാലത്ത്​ കൂടുതൽ ദൃഢമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിൻ പിങ്​, ബ്രിട്ടനിലെ എലിസബത്ത്​ രാജ്ഞി, സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരൻ, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ അൽ ഖലീഫ, ഗ്രീക്ക്​ പ്രധാനമന്ത്രി കിരിയാക്കോസ് മിത്​സോതാകിസ്, പാകിസ്താൻ പ്രസിഡൻറ്​ ഡോ. ആരിഫ്​ ആൽവി തുടങ്ങിയവരും സന്ദേശം അയച്ചു. ഈജിപ്തിലെ വിഖ്യാതമായ അൽ അസ്​ഹർ ഗ്രാൻഡ്​ ഇമാം ഡോ. അഹമ്മദ്​ അൽ ത്വയ്യിബ്​, അറബ്​ പാർലിമെന്‍റ്​ പ്രസിഡന്‍റ്​ ആദിൽ ബിൻ അബ്​ദുറഹ്​മാൻ അൽ അസൂമി തുടങ്ങിയവരും മുഹമ്മദ്​ ബിൻ സായിദിന്​ പ്രത്യേകമായ അഭിവാദ്യങ്ങൾ അർപ്പിച്ചു.

യു.എ.ഇ രാജകുടുംബങ്ങളിലെ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദനം അറിയിച്ചിട്ടുണ്ട്​. വിവിധ എമിറേറ്റുകളിലെ ഭരണാധികാരിക്ക്​ പുറമെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ, ബോർഡ് ഓഫ് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ്​ ഖാലിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, ശൈഖ്​ ഇസ്സ ബിൻ സായിദ്​ ആൽ നഹ്​യാൻ, ആരോഗ്യ മന്ത്രി അബ്​ദുറഹ്​മാൻ ബിൻ മുഹമ്മദ്​ അൽ ഉവൈസ്​, മാനവവിഭവ ശേഷി വകുപ്പ്​ മന്ത്രി ഡോ. അബ്​ദുറഹ്​മാൻ അൽ അവാർ, സാമൂഹിക വികസനമന്ത്രി ഹെസ്സ ബിൻത്​ ഇസ്സ ബൂഹുമൈദ്​,​ ആർ.ടി.എ ചെയർമാൻ മത്വാർ അൽ തായർ, ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽതായർ എന്നിവരും ആശംസകളർപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.