സ്വന്തം ലേഖകന്‍: അല്‍ ഖ്വയ്ദ തലവന്‍ സവാഹിരി പാക് ചാരസംഘടന ഐഎസ്‌ഐയുടെ സംരക്ഷണയിലെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഡ്രോണ്‍ ആക്രമണം അതീജിവിച്ച് അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് രക്ഷപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റെ സംരക്ഷണയില്‍ കറാച്ചിയിലാണെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. 2001 അവസാനത്തോടുകൂടി യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് തുരത്തിയതു മുതല്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ്(ഐഎസ്‌ഐ) സവാഹിരിക്ക് അഭയം നല്‍കുന്നതെന്നും ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഒബാമ ഭരണത്തിലിരിക്കെ പാകിസ്താനിലെ ഉള്‍പ്രദേശത്ത് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് സവാഹിരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സവാഹിരിയുടെ അഞ്ച് സുരക്ഷാഭടര്‍ കൊല്ലപ്പെട്ടെങ്കിലും സവാഹിരി രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ സവാഹിരിക്ക് സംരക്ഷണം നല്‍കുന്നതില്‍ വിമുഖത കാണിച്ചതോടെയാണ് പാക് ഏജന്‍സിയുടെ തണലില്‍ സവാഹിരി സുഖമായി കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ട സവാഹിരി ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഏക സ്ഥലം കറാച്ചി മാത്രമാണെന്ന് സിഐഎ ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തുന്നു.
‘തന്നെ ആരും ഒരിക്കലും ജീവനോടെ പിടികൂടില്ലെന്ന് സവാഹിരി പ്രതിജ്ഞ ചെയ്തിട്ടുണ്ട് മാത്രമല്ല. കണ്ണടയ്ക്കുന്നതിന് മുമ്പ് അമേരിക്കയെ കുലുക്കുന്ന മറ്റൊരു ആക്രമണം കൂടി നടത്തുകയെന്നതാണ് തന്റെ അന്ത്യാഭിലാഷ’മെന്ന് സവാഹിരി പറഞ്ഞിട്ടുണ്ടെന്നും മേഖലയിലെ ഒരു തീവ്രവാദി നേതാവും വ്യക്തമാക്കുന്നു. ഉസാമ ബിന്‍ലാദന്റെ മകന്‍ 26 കാരനായ ഹംസ ബിന്‍ലാദനും പാകിസ്താന്‍ ഐഎസ്‌ഐയുടെ സംരക്ഷണയിലാണെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നുവെന്ന് മുന്‍ പാകിസ്താന്‍ ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല