1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ ബോധരഹിതനായ റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലക്‌സി നവാല്‍നി കോമയില്‍. സൈബീരിയയിലെ ആശുപത്രിയില്‍ കോമയിലാണ് ഇദ്ദേഹമിപ്പോള്‍. സൈബീരിയയില്‍ നിന്നും മോസ്‌കൊവിലേക്കുള്ള വിമാന യാത്രക്കിടെ ഇദ്ദേഹത്തിന് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതാനായ വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യിക്കുകയായിരുന്നു.

ചായയില്‍ നിന്നാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റത് എന്നാണ് അലക്‌സിയുടെ പ്രതിനിധി അറിയിച്ചത്.

“ചായയില്‍ എന്തെങ്കിലും വിഷം കലര്‍ത്തിയതായി ഞങ്ങള്‍ കരുതുന്നു. രാവിലെ ചായ മാത്രമാണ് അദ്ദേഹം കുടിച്ചത്,” അലക്‌സിയുടെ പ്രതിനിധി കിര യര്‍മിഷ് ട്വിറ്ററില്‍ കുറിച്ചു.

ടോംസ്‌ക് എയര്‍പോര്‍ട്ട് കഫേയില്‍ വെച്ച് അലന്‍സ്‌കി ഒരു ചായ കുടിച്ചതിനു ശേഷമാണ് ഇദ്ദേഹം വിമാനത്തില്‍ കയറിയത്. കഫേയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഫേ ഉടമകള്‍ പരിശോധിച്ചു വരികയാണെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന റഷ്യയിലെ പ്രാദേശിക ഇലക്ഷന്‍ ക്യാമ്പയിനും ഇപ്പോഴത്തെ അപകടത്തിനും ബന്ധമുണ്ടെന്നാണ് അലക്‌സിയുടെ പ്രതിനിധി പറയുന്നത്. അതേ സമയം വിഷം നല്‍കിയതാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അലന്‍സ്‌കിയെ ചികിത്സിക്കുന്ന ഒംസ്‌ക് എമര്‍ജന്‍സി ആശുപത്രി ചീഫ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് അലക്‌സി നവാല്‍നി. സര്‍ക്കാരിലെ ഉന്നതരുടെ അഴിമതിക്കെതിരെ ഇദ്ദേഹം രംഗത്തു വന്നിരുന്നു. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ഫൗണ്ടേഷനും ഇദ്ദേഹം രൂപീകരിച്ചിരുന്നു. അലക്‌സ്‌കിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിലേക്ക് നേരത്തെ പല തവണ പൊലീസ് റെയ്ഡ് നടന്നിരുന്നു.

പ്രതിഷേധ പരിപാടികള്‍ നടത്തിയതിന്റെ പേരില്‍ പല തവണ ഇദ്ദേഹം തടവിലായിട്ടുമുണ്ട്. കഴിഞ്ഞ മാസം ഈ ഫൗണ്ടേഷന്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. ഇതിനു പിന്നില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

2018 ലെ റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാനിരുന്ന ഇദ്ദേഹത്തെ പിന്നീട് വിലക്കുകയായിരുന്നു. നേരത്തെ പല ഘട്ടങ്ങളിലും അലക്‌സി നവാന്‍നിക്കു നേരെ ആക്രമണ ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അറസ്റ്റിലായ ഇദ്ദേഹത്തിനു നേരെ ജയിലില്‍ വെച്ച് ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് വിഷ ബാധയേറ്റെന്നാണ് അന്ന് അനുനായികള്‍ ആരോപിച്ചത്. എന്നാല്‍ ഇത് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നില്ല.

2017 ല്‍ അലക്‌സിയുടെ കണ്ണിനു നേരെ അക്രമ സംഘം ആന്റിസെപ്റ്റിക് ദ്രാവകം എറിഞ്ഞതിനെ തുടര്‍ന്ന് കണ്ണിന് പൊള്ളലേറ്റിരുന്നു. സെപ്റ്റംബറില്‍ റഷ്യയിലെ 30 ഇടങ്ങളിലായി നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളുടെ ഭാഗമായി മോസ്‌കോയിലേക്ക് പോവുകയായിരുന്നു അന്ന് അലക്‌സി.

റഷ്യയിൽ വിമതസ്വരം ഉയർത്തുന്നവർക്കും സർക്കാരിനെതിരെ പ്രവർത്തിക്കുന്നവർക്കും വിഷബാധയേൽക്കുന്നത് ആദ്യ സംഭവമല്ല.

2018 മാർച്ച് 4ന്, സോൾസ്ബ്രിയിലെ ഷോപ്പിങ് സെന്ററിലെ ബെഞ്ചിൽ അബോധാവസ്ഥയിലാണ് സെർഗെയ് സ്ക്രീപലിനെയും മകൾ യൂലിയയെയും കണ്ടെത്തിയത്. വിഷരാസവസ്തു ഉള്ളിൽച്ചെന്ന് ഗുരുതരനിലയിലായ ഇരുവരും ദീർഘനാളത്തെ ആശുപത്രിവാസത്തിനു ശേഷമാണ് പുറത്തുവന്നത്. സ്ക്രീപലിനെതിരെ നടന്ന ആക്രമണത്തിന് 2006 ൽ നടന്ന മറ്റൊരു ആക്രമണവുമായി സമാനതകൾ ഏറെയാണ്.

റഷ്യയിലെ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അലക്സാണ്ടർ ലിറ്റ്‌‍വിനെങ്കോ ലണ്ടനിലെ ഒരു ഹോട്ടലിൽ റേഡിയോ ആക്ടീവ് പൊളോണിയം കലർന്ന ചായ കുടിച്ചാണ് മരിച്ചത്. റഷ്യയുടെ എഫ്എസ്ബി സെക്യൂരിറ്റി സർവീസ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അംഗീകാരത്തോടെ നടത്തിയ ‘ജോലി’യാണ് ലിറ്റ്‌‍വിനെങ്കോയുടെ മരണമെന്നായിരുന്നു ബ്രിട്ടിഷ് സർക്കാരിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.

കെ‌ജി‌ബിയുടെയും എസ്എഫ്ബിയുടെയും മുൻ ഏജന്റായ കേണൽ അലക്സാണ്ടർ ലിറ്റ്‌‍വിനെങ്കോ 2000 ലാണ് റഷ്യയിൽനിന്ന് ലണ്ടനിലേക്ക് പലായനം ചെയ്തത്. മരിക്കുന്നതിന് മുൻപ്, സോവിയറ്റ് കാലഘട്ടം മുതൽ എഫ്എസ്ബിക്ക് മോസ്കോയിൽ രഹസ്യവിഷ ലബോറട്ടറിയുണ്ടെന്ന് ലിറ്റ്‌‍വിനെങ്കോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2004 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുക്രേനിയൻ പ്രസിഡന്റ് വിക്ടർ യുഷ്ചെങ്കോയ്ക്ക് ഡയോക്സിൻ വിഷം നൽകിയതിനു പിന്നിൽ മോസ്കോയാണെന്ന് ആരോപിച്ച നിരവധി മുൻ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അലക്സാണ്ടർ ലിറ്റ്‌‍വിനെങ്കോ. വിഷബാധ ഏൽക്കുന്ന സമയത്ത്, മൂന്നാഴ്ച മുൻപു കൊല്ലപ്പെട്ട റഷ്യൻ മാധ്യമപ്രവർത്തക അന്ന പൊളിറ്റ്കോവ്സ്കായയെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു ലിറ്റ്‍വിനെങ്കോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.