1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2024

സ്വന്തം ലേഖകൻ: കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികളുടെ അഭിമാനമായി മാറി കനി കുസൃതിയും ദിവ്യ പ്രഭയും യുവതാരം ഹ്രിദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധുവും വേദിയിൽ എത്തിയത്.

മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സ്ഥാനം പിടിച്ചു. കാനില്‍ മികച്ച നിരൂപക പ്രശംസ ചിത്രം നേടുകയുണ്ടായി. സിനിമ പൂർത്തിയായ ശേഷം കാണികൾ എഴുന്നേറ്റു നിന്ന് എട്ട് മിനിറ്റോളം കയ്യടിച്ച് അണിയറക്കാരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഗ്രാൻഡ് ലൂമിയർ തിയറ്ററിലായിരുന്നു പ്രിമിയര്‍ സംഘടിപ്പിച്ചത്.

തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്ന് പായൽ കപാഡിയ പറയുന്നു. ഇതിലെ ഓരോരുത്തരും കുടുംബം പോലെയാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും സംവിധായിക പറഞ്ഞു.

ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ധു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവരും റെഡ് കാർപ്പറ്റിൽ ചുവടുവച്ചു. ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. മത്സരവിഭാഗത്തിൽ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവർത്തകരും നിരൂപകരും ട്വീറ്റ് ചെയ്തു.

‘‘കാൻ വേദിയിലെ മലയാളി പെൺ കുട്ടികൾ. പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ.’’–കാന്‍ വേദിയിലെ കനിയുടെയും ദിവ്യ പ്രഭയുടെയും ചിത്രം പങ്കുവച്ച് ശീതൾ ശ്യാം കുറിച്ചു.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. കാൻ മത്സരത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സംവിധായികയാണ് കപാഡിയ. അതേസമയം തന്നെ, മൂന്ന് പതിറ്റാണ്ടിനിടെ മത്സരരംഗത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്‌ഷന്‍ കൂടിയാണിത്.

1994 ൽ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.