1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ മുൻനിര ഇകൊമേഴ്സ് കമ്പനിയായ ആമസോൺ ഇന്ത്യയിലെ ചില സർവീസുകൾ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളൂരു, മൈസൂർ, ഹുബ്ലി എന്നിവിടങ്ങളിലെ ചെറിയ സ്റ്റോറുകൾക്ക് ലഭ്യമായിരുന്ന സേവനം അവസാനിപ്പിക്കുകയാണെന്ന് അമേരിക്കൻ ഇകൊമേഴ്‌സ് കമ്പനി ആമസോൺ തിങ്കളാഴ്ചയാണ് അറിയിച്ചത്. കിരാന സ്റ്റോറുകൾ, ഫാർമസികൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവയെയാണ് ഇത് കാര്യമായി ബാധിക്കുക.

‘ഞങ്ങൾ ഈ തീരുമാനങ്ങൾ നിസ്സാരമായി എടുക്കുന്നില്ല. നിലവിലെ ഉപഭോക്താക്കളെയും പാട്ണർമാരെയും സഹായിക്കുന്നതിനായി ഈ പ്രോഗ്രാം ഘട്ടം ഘട്ടമായിട്ടാണ് നിർത്തുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു. സേവനം എപ്പോൾ അവസാനിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് മൊത്ത വിതരണ ബിസിനസ് അടച്ചുപൂട്ടുന്നതെന്ന് ആമസോണും പറഞ്ഞില്ല.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മറ്റ് രണ്ട് സർവീസ് കൂടി ആമസോൺ നിർത്തിയിരുന്നു. ഫുഡ് ഡെലിവറി, ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോം അക്കാഡമി എന്നിവയാണ് പൂട്ടുമെന്ന് അറിയിച്ചിരിക്കുന്ന മറ്റു രണ്ട് സർവീസുകൾ. ഇതോടെ ഇന്ത്യയിൽ ഏകദേശം 10,000 പേർക്ക് ജോലി പോകുമെന്നാണ് കരുതുന്നത്. അടുത്ത വർഷം കമ്പനി കൂടുതൽ പിരിച്ചുവിടലുകൾ നടത്തുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസിയും അറിയിച്ചിരുന്നു.

വൻ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആമസോണ്‍ ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ടുപോകുകയാണ്. കൂട്ട പിരിച്ചുവിടലിന് പിന്നാലെ ചില രാജ്യങ്ങളിലെ സജീവമല്ലാത്ത, ലാഭകരമല്ലാത്ത സര്‍വീസുകളെല്ലാം അവസാനിപ്പിക്കാനാണ് ആമസോണിന്റെ നീക്കം. ഇന്ത്യയിൽ ഡിസംബർ 29 മുതൽ മൊത്തവ്യാപാര ബിസിനസ് നിർത്തുമെന്നാണ് സൂചന.

ബെംഗളൂരു ആസ്ഥാനമായുള്ള ഒരു പൈലറ്റ് പ്രോജക്റ്റായി 2020ലാണ് ആമസോൺ ഫുഡ് ഡെലിവറി സർവീസ് ആരംഭിച്ചത്. ഈ സർവീസ് ഇപ്പോൾ ഡിസംബർ 29 മുതൽ നിർത്തും. അതേസമയം, 2023 ഓഗസ്റ്റ് മുതൽ കമ്പനിയുടെ എഡ്ടെക് വിഭാഗമായ ആമസോൺ അക്കാഡമിയും നിർത്തലാക്കും. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് JEE പോലുള്ള മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനുള്ള ഒരു ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായാണ് ആമസോൺ അക്കാഡമി തുടങ്ങിയിരുന്നത്. നിലവിൽ ഇന്ത്യയിലെ ഓഫർ വിൽപനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആമസോൺ പദ്ധതിയിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.