1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2021

സ്വന്തം ലേഖകൻ: 39-ാമത്തെ വയസ്സിലാണ് യു.എസ്. സ്വദേശിയായ ക്രിസ്‌റ്റെന്‍ വില്ല്യംസ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഒരമ്മയാകുന്നതിനെക്കുറിച്ച് ഞാന്‍ എപ്പോഴും സ്വപ്‌നം കാണാറുണ്ടായിരുന്നു. പങ്കാളി ഇല്ലാതിരുന്നതിനാല്‍ ഇത് നഷ്ടപ്പെടരുതെന്ന് ആഗ്രഹമുണ്ടായിരുന്നു.

ഹ്യൂമന്‍സ് ഓഫ് ബോംബയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യു.എസ്സിലെ സിന്‍സിനാറ്റി സ്വദേശിയായ ക്രിസ്റ്റന്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഒരു ഓര്‍ഫനേജില്‍ ഉള്ളതിനേക്കാള്‍ സന്തോഷത്തോടെയായിരിക്കും ഏതൊരു കുഞ്ഞും വീട്ടില്‍ കഴിയുകയെന്ന് അവര്‍ തിരിച്ചറിഞ്ഞു.

സിംഗിള്‍ മദര്‍ ആയിരുന്നതിനാല്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ ക്രിസ്റ്റന്റെ മുന്നിലുള്ള വഴി ദുര്‍ഘടം പിടിച്ചതായിരുന്നു. അതിനാല്‍, യു.എസിനു പുറമെയുള്ള രാജ്യങ്ങളിലേക്ക് അവരുടെ അന്വേഷണം നീണ്ടു. ദത്തെടുക്കല്‍ നടപടിയ്ക്കായി നേപ്പാളിലേക്ക് അപേക്ഷ നല്‍കി കാത്തിരുന്നു. 28000 ഡോളര്‍ പണവും കൈമാറി. എന്നാല്‍, യു.എസ് ഡിപാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റ് നേപ്പാളില്‍ നിന്നുള്ള ദത്തെടുക്കല്‍ നടപടി തടഞ്ഞു. മുടക്കിയ പണം പോയെങ്കിലും അതിലേറെ സങ്കടമായിരുന്നു ഹൃദയം തകര്‍ത്തത് കുഞ്ഞിനെ ലഭിക്കാതിരുന്നതായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ഒരു അത്ഭുതത്തിനായി അവര്‍ കാത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഇന്ത്യയിലെ ദത്തെടുക്കല്‍ ഏജന്‍സിയില്‍നിന്ന് അവര്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നു. ഇന്ത്യയില്‍നിന്ന് കുഞ്ഞിനെ ദത്തെടുക്കാന്‍ തടസ്സങ്ങളൊന്നും ഇല്ലയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളായിരുന്നു അത്. എന്നാല്‍, ഒരു ഉപാധിയുണ്ടായിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞിനെ മാത്രമെ ദത്തു നല്‍കൂ എന്നതായിരുന്നു ആ ഉപാധി.

ആ ഫോണ്‍ സന്ദേശം തന്നെ വല്ലാതെ സംഭ്രമിപ്പിച്ചുവെന്ന് ക്രിസ്റ്റെന്‍ പറഞ്ഞു. തൊട്ടുപിന്നാലെ മറ്റൊരു ഫോണ്‍കോള്‍ കൂടി ക്രിസ്‌റ്റെനെ തേടിയെത്തി. അത് അവരുടെ അമ്മയായിരുന്നു. താന്‍ ഭിന്നശേഷിക്കാരിയായ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്ന് അമ്മയോട് ക്രിസ്‌റ്റെന്‍ പറഞ്ഞു. ആ നിമിഷം താന്‍ തീരുമാനമെടുത്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ചകള്‍ക്കുശേഷമാണ് അഞ്ചുവയസ്സുകാരിയായ മുന്നിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രിസ്റ്റെനു കിട്ടിയത്. മുമ്പ് അവളെ നോക്കിയവരില്‍നിന്ന് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മുന്നിയുടെ പെരുമാറ്റരീതിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, മുന്നിയുടെ മുഖത്തെ പുഞ്ചിരി തന്നെ ആകര്‍ഷിച്ചതായും അങ്ങനെ അവളെ ദത്തെടുക്കാനും അവര്‍ തീരുമാനിച്ചു.

2013-ലെ വാലന്റൈന്‍സ് ദിനത്തിലാണ് മുന്നി ക്രിസ്റ്റെന്റെ കൈകളിലെത്തുന്നത്. എന്നാല്‍, മുന്നി വളര്‍ന്നപ്പോള്‍ അവള്‍ക്കൊരു കൂട്ട് വേണമെന്ന് ക്രിസ്‌റ്റെന് തോന്നി. അങ്ങനെ രണ്ടാമത്തെ കുട്ടിയെ ദത്തെടുക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരാഴ്ചയ്ക്ക്‌ശേഷം ഏജന്റ് വിളിച്ച് ഒരു കുട്ടിയുണ്ടെന്നും 22 മാസമാണ് പ്രായമെന്നും എന്നല്‍, കുഞ്ഞിന് മൂക്കില്ലെന്നും ക്രിസ്റ്റെനോട് പറഞ്ഞു.

ഒരു വര്‍ഷത്തിനുശേഷം രൂപ എന്നുപേരിട്ട ആ കുട്ടിയും അവര്‍ക്കൊപ്പം യു.എസിലേക്ക് പറന്നു. ‘എന്നാല്‍, രൂപയ്ക്ക് പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാനായില്ല. ഒരാഴ്ചയോളം അവള്‍ ദിവസം മുഴുവന്‍ കരയുകയായിരുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അവള്‍ കരയുന്നതെന്ന് ഞാന്‍ ശങ്കിച്ചു’-ക്രിസ്‌റ്റെന്‍ പറഞ്ഞു. പതിയെ മുന്നിയും രൂപയും കൂട്ടുകാരായി, വേര്‍പിരിക്കാന്‍ പറ്റാത്തവിധം.

പിന്നീട് രണ്ട് വര്‍ഷത്തിനുള്ളില്‍ മോഹിനിയെന്നും സൊനാലി എന്നും പേരുള്ള രണ്ടുകുട്ടികളെക്കൂടി ക്രിസ്റ്റെന്‍ ദത്തെടുത്തു. കുടുംബം വലുതായതോടെ അധ്യാപനം തൊഴിലായി സ്വീകരിച്ച അവര്‍ക്ക് ചെലവുകള്‍ അധികമായി തുടങ്ങി. തുടര്‍ന്ന് അധ്യാപനം വിട്ട് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് അവര്‍ കടന്നു. കുട്ടികളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി. അതുകൊണ്ടും കുഞ്ഞുങ്ങളോടുള്ള ആഗ്രഹം ക്രിസ്‌റ്റെന്‍ വിട്ടില്ല.

ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി അവര്‍. 2020-ല്‍ അങ്ങനെ നിഗ്ധ എന്ന ഒരു കൊച്ചു പെണ്‍കുട്ടി കൂടി അവരുടെ പക്കലേക്ക് എത്തി. അവള്‍ പുതിയ സാഹചര്യവുമായി ഇണങ്ങി വരുന്നതേയുള്ളൂവെന്ന് ക്രിസ്റ്റെന്‍ പറഞ്ഞു. ക്രിസ്റ്റെന്റെ ഹൃദയം നിറയ്ക്കുന്ന ജീവിതകഥ സാമൂഹികമാധ്യമങ്ങളില്‍ കൈയടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്. 96,000 പേരാണ് ഹ്യൂമന്‍സ് ഓഫ് ബോംബേ പേജില്‍ വന്ന ഈ അനുഭവം ലൈക്ക് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.