1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2018

സ്വന്തം ലേഖകന്‍: ‘അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു,’ ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനം; ‘ബിജെപിയുടെ ദയാദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്,’ ചുട്ടമറുപടിയുമാ മുഖ്യമന്ത്രി പിണറായി വിജയന്‍. ആയിരക്കണക്കിന് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണെന്ന് ആരാഞ്ഞ അമിത് ഷാ അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചതെന്നും ചോദിച്ചു. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കും. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. അയ്യപ്പഭക്തര്‍ക്കൊപ്പം രാജ്യമാകെ അണിനിരക്കും. ഭക്തരുടെയും സര്‍ക്കാരിന്റെയും ഏറ്റുമുട്ടലിന് കേരളം വേദിയാകുന്നു. ക്ഷേത്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിത അക്രമം നടത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു. ശരണം വിളിച്ചുകൊണ്ടാണ് കണ്ണൂരില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ തുടങ്ങിയത്. സുപ്രീം കോടതിയ്‌ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നും വിമര്‍ശിച്ചു.

അതേസമയം അമിത് ഷായുടെ പ്രസംഗം ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു!. മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് അമിത് ഷാ നല്‍കുന്നത്. ബിജെപിയുടെ ദയാദാക്ഷിണ്യത്തിലൂടെയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ഭീഷണി കോടതിവിധി നടപ്പാക്കുന്നതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്.

സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ത്തന്നെയാണ് തങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യമടക്കമുള്ള ആധുനിക സങ്കല്‍പങ്ങള്‍ മുമ്പോട്ടുവെയ്ക്കുന്ന തുല്യത മൗലികാവകാശങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹമൊന്നാകെ ഇത്തരം പ്രാകൃത വാദങ്ങള്‍ക്കെതിരെ അണിനിരക്കേണ്ടതുണ്ട്.

ഗവണ്‍മെന്റിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത്ഷാ ഈ ഗവണ്‍മെന്റ് അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണം. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണം. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.