1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2018

സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയില്‍ കലാപം; ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവെച്ചു; പിന്തുണയുമായി സാംസ്‌ക്കാരിക ലോകവും സമൂഹ മാധ്യമങ്ങളും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന നടന്‍ ദിലീപിനെ മലയാളം സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ രാജിവെച്ചു. ഭാവന, രമ്യാനമ്പീശന്‍, റീമാ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് ഇവര്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള വുമന്‍ ഇന്‍ സിനിമാ കളക്ടീവിലെ മറ്റ് അംഗങ്ങള്‍ രാജി വെച്ചിട്ടില്ല. ‘ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ ,ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്,’ റീമ കല്ലിങ്കല്‍ വ്യക്തമാക്കി.

”അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും,’ ഗീതു മോഹന്‍ദാസ് വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള സന്നദ്ധത ഭാരവാഹികള്‍ അറിയിച്ചത്. യോഗത്തില്‍ പങ്കെടുത്തവരാരും എതിരു പറഞ്ഞുമില്ല. ദിലീപിനെ ‘അമ്മ’യിലേക്കു തിരികെയെടുക്കുന്നതില്‍ പ്രതിഷേധിച്ച് വനിതാ ചലച്ചിത്ര പ്രവര്‍ത്തരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് മുന്നോട്ടു വരികയായിരുന്നു.

അതിനിടെ അമ്മയില്‍ നിന്നു രാജി വച്ച നടിമാരെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും വി.ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. നേരത്തെ എന്‍എസ് മാധവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും താരസംഘടനെ വിമര്‍ശിച്ചിരുന്നു. സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയും നടിമാര്‍ക്ക് പിന്തുണ അറിയിച്ചു. അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാവാന്‍ അവകാശമില്ലെന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളിലും നടിമാര്‍ക്ക് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.