വേശ്യാവൃത്തി ലോകവ്യാപകമായി കുറ്റവിമുക്തമാക്കണമെന്ന ക്യാംപെയ്‌ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷ്ണലിന്റെ പിന്തുണ. കൂട്ടിക്കൊടുപ്പിന് തുല്യമായ പ്രവൃത്തിയാണ് ആംനെസ്റ്റി ചെയ്യാന്‍ പോകുന്നതെന്നുള്ള ചില വനിതാ സംഘടനകളുടെ എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് ആംനെസ്റ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക വ്യാപാരം കുറ്റവിമുക്തമാക്കണമെന്ന് ആംനെസ്റ്റിയുടെ ഡബ്ലിന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമേയം പാസാക്കി. ലൈംഗിക തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം ലൈംഗികവൃത്തിയെ കുറ്റവിമുക്തമാക്കുക എന്നതാണെന്ന് ആംനെസ്റ്റി പ്രമേയത്തില്‍ പറയുന്നു.
ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ലോബിയിംഗ് നടത്താനും ആംനെസ്റ്റിക്ക് ഇനി സാധിക്കും. ഇപ്പോള്‍ തന്നെ ലൈംഗികവൃത്തി കുറ്റകരമല്ലാത്ത തായ്‌ലന്‍ഡ് പോലുള്ള രാജ്യങ്ങളുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ കിട്ടാക്കനിയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കുന്നതിനാണ് ആംനെസ്റ്റി ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
അതേസമയം ആംനെസ്റ്റിയുടെ നയപ്രഖ്യാപനത്തെ നഖശീഖാന്തം എതിര്‍ക്കുകയാണ് ചില വനിതാ സംഘടനകള്‍. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി നടത്തിയിരിക്കുന്നത് വലിയ തെറ്റാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികവൃത്തി കുറ്റവിമുക്തമാക്കണമെന്ന അഭിപ്രായത്തോടെ യുഎസിലെ കൊളീഷന്‍ എഗെയിന്‍സ്റ്റ് ട്രാഫിക്കിംഗ് ഇന്‍ വുമണ്‍ പോലുള്ള സംഘടനകള്‍ യോജിക്കുന്നുണ്ടെങ്കിലും പുര്‍ണമായും നിയന്ത്രണങ്ങള്‍ എടുത്തു കളയുമ്പോള്‍ അത് മനുഷ്യക്കടത്തിലേക്കും ഇടനിലക്കാരുടെ ചൂഷണങ്ങളിലേക്കും സ്ത്രീകളെ കൊണ്ടെത്തിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല