1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2023

സ്വന്തം ലേഖകൻ: ഖലിസ്ഥാന്‍വാദിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പോലീസിന്റെ നീക്കം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ അമൃത്പാലിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഗുരുതരമായ വിവരങ്ങളാണ് കണ്ടെത്താനായിരിക്കുന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെ.ടി.എഫ്)ന് സമാനമായി ആനന്ദ്പുര്‍ ഖല്‍സ് ഫോഴ്‌സ് (എ.കെ.എഫ്) എന്ന പേരില്‍ സ്വന്തം സൈന്യത്തെ രൂപവത്കരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മനുഷ്യ ബോംബ് സ്‌ക്വാഡുകളേയും അമൃത്പാല്‍ തയ്യാറാക്കിയിരുന്നു.

ആയുധങ്ങള്‍ ശേഖരിക്കുന്നതിനും യുവാക്കളെ ചാവേര്‍ ആക്രമണത്തിന് സജ്ജമാക്കുന്നതിനും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങളും ഗുരുദ്വാരയും ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയോടെയായിരുന്നു പോലീസിന്റേയും മറ്റു സുരക്ഷാ ഏജന്‍സികളുടേയും നീക്കമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ദുബായില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രവാസി ഇന്ത്യക്കാരനായ അമൃത്പാല്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റായിട്ടാണ് യുഎഇയില്‍ താമസിച്ചിരുന്നത്. ഖലിസ്ഥാന്റെ പേരില്‍ സിഖ് യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഐഎസ്‌ഐ പണവും മറ്റു സഹായങ്ങളും അമൃത്പാലിന് വാഗ്ദാനം ചെയ്തിരുന്നെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിയ അമൃത്പാല്‍ ‘ഖാദ്കൂസ്’ എന്ന പേരില്‍ യുവാക്കളെ ചാവേറുകളാക്കി മാറ്റുന്നതിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പോലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാള്‍ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതി വെച്ചിരുന്നതാണ് ഈ യൂണിഫോം എന്നാണ് സൂചന. ഇതിനിടെ ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും ‘എകെഎഫ്’ എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാ ഏജന്‍സികളെ ഞെട്ടലിലാക്കിയിട്ടുണ്ട്.

വാരിസ് പഞ്ചാബ് ദേ’ നടത്തുന്ന നിരവധി ഡി-അഡിക്ഷന്‍ സെന്ററുകളിലും അമൃത്സറിലെ ഒരു ഗുരുദ്വാരയിലും ആയുധങ്ങള്‍ സംഭരിച്ചിരുന്നതായി സംശയിക്കുന്നത്. ഡീ-അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാക്കളെ ബോധവല്‍ക്കരിക്കുകയും അവര്‍ക്ക് ആയുധ പരിശീലനത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

മനുഷ്യബോംബായി പ്രവര്‍ത്തിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ ഭീകരന്‍ ദിലാവര്‍ സിങിന്റെ വഴി തിരഞ്ഞെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിച്ചിരുന്നു. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ തടയാന്‍ ശ്രമിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി തനിക്കും നേരിടേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അമൃതപാല്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദികളുടെ അനുമസ്മരണ ചടങ്ങുകളിലേക്ക് അമൃത്പാല്‍ എത്തുകയും അവിടെ വെച്ച് യുവാക്കള്‍ ആയുധ പരിശീലന ക്ലാസുകള്‍ നല്‍കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.