
സ്വന്തം ലേഖകൻ: മൂന്ന് മീറ്ററോളം നീളമുള്ള സ്രാവ് തന്റെ ഭാര്യയുടെ കാലില്‍ കടിച്ച് വലിച്ചു കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാര്‍ക്കിനാവുമായിരുന്നില്ല. ഭാര്യയെ രക്ഷിക്കാന്‍ വമ്പന്‍ സ്രാവിനെ ആക്രമിക്കുക മാത്രമേ മാര്‍ക്കിന് ആ സന്ദര്‍ഭത്തില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭാര്യയുടെ കാലില്‍ നിന്ന് പിടി വിടുന്നതു വരെ മാര്‍ക്ക് സ്രാവിനെ സര്‍വശക്തിയുമെടുത്ത് ഇടിച്ചു. ഒടുവില്‍ ആ സ്രാവ് തന്റെ ഇരയെ ഉപേക്ഷിച്ചു.
പോര്‍ട്ട് മാക്വറിയ്ക്ക് സമീപത്തുള്ള ബീച്ചില്‍ ശനിയാഴ്ച രാവിലെ സര്‍ഫിങ്ങിലേര്‍പ്പെട്ടിരിക്കുകയായിരുന്നു മാര്‍ക്ക് റാപ്ലെയും ഭാര്യയും. അപ്പോഴാണ് അവര്‍ക്കരികിലേക്കെത്തിയ സ്രാവ് മാര്‍ക്കിന്റെ ഭാര്യയുടെ കാലില്‍ കടിച്ചത്. രണ്ടു തവണ കടിയേറ്റതിനെ തുടര്‍ന്ന് വലതുകാലിന് ഗുരുതര പരിക്കേറ്റു.
സംഭവത്തിന് ദൃക്‌സാക്ഷിയായ ജെഡ് റ്റൂഹേ മാര്‍ക്കിനെ വിശേഷിപ്പിച്ചത് ‘ഹീറോ’ എന്നാണ്. സ്രാവിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് കുറച്ചു മാറിയായിരുന്നു ജെഡ് സര്‍ഫ് ചെയ്തിരുന്നത്. കാലില്‍ നിന്ന് പിടിവിടുന്നതു വരെ മാര്‍ക്ക് സ്രാവിനെ ഇടിച്ചു കൊണ്ടിരുന്നതായി ജെഡ് പറഞ്ഞു. സ്രാവിന്റെ മേലേക്ക് ചാടിവീണ് മുറുകെ പിടിച്ചുകൊണ്ടായിരുന്നു മാര്‍ക്ക് ഇടിച്ചു കൊണ്ടിരുന്നതെന്ന് ജെഡ് വിശദീകരിച്ചു.
‘അവളുടെ ജീവന്‍ അയാള്‍ രക്ഷിച്ചു, ശരിക്കും അദ്ഭുതം തന്നെയായിരുന്നു’, ജെഡ് പറഞ്ഞു. എന്നാല്‍, ആ സാഹചര്യത്തില്‍ മറ്റാരും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളൂ എന്നാണ് മാര്‍ക്ക് പറയുന്നത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മാര്‍ക്കിന്റെ ഭാര്യയെ വിദഗ്ധചികിത്സയ്ക്കായി പ്രമുഖ ആശുപത്രിയിലേക്ക് വ്യോമമാര്‍ഗം കൊണ്ടുപോയി.
ലോകത്തില്‍ സ്രാവുകളുടെ ആക്രമണം ഏറ്റവുമധികം ഉണ്ടാകുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ടാസ്മാനിയയില്‍ മത്സ്യബന്ധന ബോട്ടിലിരിക്കുകയായിരുന്ന പത്തുവയസുകാരനെ സ്രാവ് ആക്രമിച്ചത് കഴിഞ്ഞ മാസത്തിലായിരുന്നു. വെള്ളത്തിലേക്ക് വീണ കുട്ടിയെ അച്ഛന്‍ കടലിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല