1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2021

സ്വന്തം ലേഖകൻ: അടിയന്തര വിഭാഗത്തിലേക്ക് കുട്ടികൾ അനാവശ്യമായി വിളിച്ച് സങ്കീർണതകൾ ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഗുരുതര അപകടങ്ങളോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോൾ പോലീസിന്റെ സേവനം ഏറ്റവുംവേഗത്തിൽ ലഭ്യമാക്കാനാണ് അടിയന്തരവിഭാഗത്തിലേക്ക് 999 എന്ന നമ്പറിൽ വിളിക്കേണ്ടത്.

എന്നാൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ നിസ്സാര കാര്യങ്ങൾക്കുപോലും ഈ നമ്പറിലേക്ക് വരുന്ന കോളുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിലധികവും കുട്ടികളാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തര വിഭാഗത്തിലേക്ക് അനാവശ്യമായ ഫോൺ കോളുകൾ വരാതിരിക്കാൻ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

ഈ നമ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഈ നമ്പറിലേക്ക് വിളിച്ച് അധികാരികളെ ബന്ധപ്പെടാവൂ എന്നും പോലീസ് അഭ്യർഥിച്ചു. ചിലർ അശ്രദ്ധമായി ഫോൺ പോക്കറ്റിൽ സ്ക്രീൻലോക്ക് ഇല്ലാതെ ഉപേക്ഷിക്കുന്നുവെന്നും, അതുവഴി അടിയന്തര നമ്പറിലേക്ക് പോക്കറ്റ് കോളുകൾ വരാൻ ഇടയാകുന്നുവെന്നും പോലീസ് പറഞ്ഞു.

കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുടെ ഓപ്പറേറ്റിങ് റൂമുകൾ ഏറ്റവും ഗുരുതരവും അപകടകരവുമായ സാഹചര്യങ്ങളിൽ പെട്ടവരെ സഹായിക്കാനും മനുഷ്യജീവൻ രക്ഷിക്കാനായി എത്രയും വേഗം പ്രതികരിക്കാനുമായി സജ്ജമാക്കിയിട്ടുള്ളവയാണ്. അതിനാൽ ഈ സെന്ററുകളിൽ വരുന്ന ഒരു ഫോണും അവഗണിക്കില്ല, പക്ഷെ ഈ നമ്പറിലേക്ക് അതിന്റെ ഗൗരവം അറിയാതെയുള്ള കുട്ടികളുടെ അനാവശ്യകോളുകൾ വളരെ വിലപ്പെട്ട സമയം പാഴാക്കാൻ ഇടയാക്കുമെന്നും പോലീസ് വിശദമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.