
സ്വന്തം ലേഖകൻ: മുതിര്‍ന്ന ഒരു കൂട്ടം ആളുകളിലെ പ്രായമാകല്‍ പ്രക്രിയയെ തടഞ്ഞു നിർത്താന്‍ തങ്ങള്‍ക്കായെന്ന് ചില ഗവേഷകര്‍ അവകാശപ്പെട്ടു. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നതു ശരിയാണെങ്കില്‍ പ്രായമാകലിനെ പിടിച്ചുകെട്ടാനാകും. ഷമീര്‍ മെഡിക്കല്‍ സെന്ററില്‍ നടത്തിയ ഓക്‌സിജന്‍ തെറാപ്പിയാണ് അതീവ ഗുണകരമായി കണ്ടുവെന്ന് പറയുന്നത്. ഗവേഷകര്‍ 64 വയസിനുമേല്‍ പ്രായമുള്ള 35 സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ പരീക്ഷണം വിജയിച്ചാതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്മര്‍ദ്ദം നിലനിര്‍ത്തിയ അറയില്‍വച്ച് ദിവസവും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 90 മിനിറ്റു നേരത്തേക്ക് ശുദ്ധ ഓക്‌സിജന്‍ നല്‍കുകയാണ് ഗവേഷകര്‍ ചെയ്തത്. എല്ലാ ആഴ്ചയും അഞ്ചു ദിവസം വീതം മൂന്നു മാസത്തേക്കു നടത്തിയ പരീക്ഷണങ്ങളാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. മനൂഷ്യ ശരീരത്തില്‍ പ്രായമാകല്‍ ത്വരിതപ്പെടുത്തുന്ന രണ്ടു ഘടകങ്ങളുടെ മുനയൊടിക്കാനായി എന്നാണ് അവര്‍ പറയുന്നത്- ടെലമിയര്‍ ( telomere) കുറുകി കുറുകി വരുന്നത് കുറയ്ക്കാനും, ജീര്‍ണിച്ച (senescent) കോശങ്ങള്‍ കുമിഞ്ഞു കുടുന്നതു തടയാനും തങ്ങള്‍ക്കായെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത് പരീക്ഷണത്തില്‍ പങ്കെടുത്ത 35 പേരുടെയും ജൈവികമായ പ്രായമായല്‍ പ്രക്രിയ മരിവിപ്പിച്ചു നിർത്താനായി എന്നാണ്.
ക്രൊമസോമിന്റെ അഗ്രഭാഗത്തെ തൊപ്പിപോലെ തോന്നുന്ന ഭാഗമാണ് ടെലമിയര്‍ എന്നൊരു നിര്‍വചനം ഉണ്ട്. കോശങ്ങള്‍ സ്വയം പകര്‍പ്പുണ്ടാക്കുന്ന (replicate) സമയത്ത് കേടുപാടുസംഭവിക്കാതെ സംരക്ഷിച്ചു നിർത്തുന്നത് ഈ ഭാഗമാണ്. ഓരോ റിപ്ലിക്കേഷന്‍ സമയത്തും ടെലമിയറിന് പ്രശ്‌നം സംഭവിക്കുകയും അതു കുറുകുകയും ചെയ്യുന്നു. ഒരോ ദിവസം കഴിയും തോറും ഇത് ചെറുതായി ചെറുതായി വരുന്നു. അവ വളരെ ചെറുതാകുന്ന സമയത്ത് അവയ്ക്ക് റിപ്ലിക്കേറ്റു ചെയ്യാനാകാതെ വരുന്നു. പ്രായമാകല്‍ പ്രക്രിയ തുടങ്ങുന്നത് ഇവിടെ വച്ചാണ്.
പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത് ടെലമിയറിനുവരുന്ന നാശം നന്നെ കുറയ്ക്കാന്‍ തങ്ങള്‍ക്കു സാധിച്ചുവെന്നാണ്. അതു കൂടാതെ, നശിച്ചുപോകുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കാനും തങ്ങള്‍ക്കായി എന്നാണ് അവരുടെ കണ്ടെത്തല്‍. ശാസ്ത്രജ്ഞര്‍ വിജയകരമായി നടത്തിയ പരീക്ഷണത്തെ വിളിക്കുന്നത് ഹൈപ്പര്‍ബാറിക് (Hyperbaric) ഓക്‌സിജന്‍ തെറാപ്പി എന്നാണ്. രണ്ടു പ്രധാന പ്രായമാകല്‍ പ്രക്രിയകളുടെയും ആഘാതം കുറയ്ക്കാനായി എന്നാണ് അവകാശവാദം.
പ്രായമാകല്‍ കുറയ്ക്കനോ ഒഴിവാക്കനോ നടക്കുന്ന പുതിയ പരീക്ഷണങ്ങളില്‍ ഒന്നു മാത്രമാണിത്. പ്രായമാകലിനെ മറികടക്കാനും കൂടുതല്‍ കാലം ജീവിച്ചിരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രായമാകല്‍ മറ്റേതു രോഗവും പോലെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കരുതുന്നത്. കേവലം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്കു വരുത്താനായ മാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല