1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2024

സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് ബ്രിട്ടനെ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതിന്റെ സൂചനകള്‍ പുറത്തു വരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹഡ്ഡേഴ്സ്ഫീല്‍ഡില്‍ 200 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. നിരവധി കോഴ്സുകളും നിര്‍ത്തലാക്കും. വിദ്യാഭ്യാസ മേഖല ഒരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി യൂണിവേഴ്സിറ്റിക്ക് ഉറപ്പാക്കാനായിട്ടാണ് ഇത്തരമൊരു നാടപടിയെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടായിരിക്കുനന്തെന്ന് പറഞ്ഞ യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് യൂണിയനി (യു സി യു) ലെ ഗാരി അലന്‍, ഇത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, ആരോഗ്യവും സാമൂഹ്യ സുരക്ഷയും എന്നിവയുള്‍പ്പടെ 12 കോഴ്സുകള്‍ നിര്‍ത്തലാക്കേണ്ടി വരും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബജറ്റില്‍ കുറവ് അനുഭവാപ്പെട്ടു എന്ന് യൂണിവേഴ്സിറ്റി പറയുന്നു.

സര്‍ക്കാരിന്റെ പുതിയ വീസ നിയന്ത്രണങ്ങള്‍ മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ ഇത് കൂടുതല്‍ ഗുരുതരമാവുകയാണെന്നും യൂണിവേഴ്സിറ്റി പറയുന്നു. 2012 മുതല്‍ യു കെ അണ്ടര്‍ഗ്രാഡ്വേറ്റ് കോഴ്സുകളുടെ ട്യൂഷന്‍ ഫീസില്‍ വരുത്തിയ വര്‍ദ്ധനവ് വെറും 2.8 ശതമാനമാണെന്ന് യൂണിവേഴ്സിറ്റി വക്താവ് ചൂണ്ടിക്കാണിച്ചു. 9000 പൗണ്ട് ഉണ്ടായിരുന്നത്, 9250 പൗണ്ട് ആക്കി ഉയര്‍ത്തി. അതേസമയം പണപ്പെരുപ്പം മൂലമുള്ള അധിക ചെലവുകളില്‍ ഉണ്ടായ വര്‍ദ്ധനവ് 50 ശതമാനത്തില്‍ അധികം വരും. ഇത് യൂണിവേഴ്സിറ്റി മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.

ഇത്രയധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്നത് ജീവനക്കാരെയും, വിദ്യാര്‍ത്ഥികളെയും പ്രാദേശിക സമൂഹത്തെയും പ്രതികൂലമായി ബാധിക്കും എന്നും വക്താവ് പറയുന്നു. എന്നാല്‍, യൂണിവേഴ്സിറ്റി മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്ക് ജോലി സ്ഥിരത നഷ്ടപ്പെടുന്ന ഒരു കാലമാണിതെന്ന് യൂണിസന്‍ യൂണിയന്റെ യൂണിവേഴ്സിറ്റി ഓഫ് ഹഢേഴ്സ്ഫീല്‍ഡ് ബ്രാഞ്ച് സെക്രട്ടറി സ്റ്റീവ് ഹോവ് പറയുന്നു. അതിന്റെ പ്രത്യാഘാതം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും അനുഭവിക്കേണ്ടതായി വരും.

അതുകൊണ്ടു തന്നെ ഇത്തരം കടുത്ത നടപടികളിലേക്ക് കടക്കാതെ, യൂണിവേഴ്സിറ്റിക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു. പല യൂണിവേഴ്സിറ്റികളും സമാനമായ സാഹചര്യത്തിലാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല യൂണിവേഴ്സിറ്റികളുടെയും നിലനില്‍പ്പിനെ സഹായിച്ചിരുന്നത് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും അധികമായി ഈടാക്കിയിരുന്ന ഫീസ് ആയിരുന്നു. അത് ഇനിയും കുറഞ്ഞാല്‍ ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയുടെ ഭാവി എന്താകുമെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.