1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2018

സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ് . ജില്ലയില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ അക്രമത്തിനു നേതൃത്വം നല്‍കിയ അമിത് ജീവന്‍ വീരസിംഘെയാണ് അറസ്റ്റിലായത്. ‘മൊഹസന്‍ ബാലകയ’ എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം വര്‍ഗീയ ലഹളയില്‍ പങ്കു ചേര്‍ന്നതിന് ഒന്‍പതു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. ഇവരെല്ലാം ഭൂരിപക്ഷ സിംഹള വിഭാഗക്കാരാണ്.

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളടങ്ങിയ വിഡിയോകള്‍ പ്രചരിപ്പിച്ചതിനും അമിത് ജീവനെതിരെ കേസുണ്ട്. കാന്‍ഡി ജില്ലയില്‍ നിലവില്‍ സമൂഹ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും തടഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ ആരംഭിച്ച അക്രമങ്ങള്‍ വര്‍ഗീയ ലഹളയായി ആളിക്കത്തിയതിനെത്തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കാന്‍ഡിയില്‍ നിശാനിയമം ഉള്‍പ്പെടെ കര്‍ശനമാക്കുകയും പ്രത്യേക സുരക്ഷാസേനയെ രംഗത്തിറക്കുകയും ചെയ്തു. പക്ഷേ എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ട് മേഖലയില്‍ കലാപം ആളിപ്പടരുകയാണ്. മുസ്‌ലിം പള്ളികള്‍ക്കും മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ വന്‍തോതില്‍ അക്രമം തുടരുന്നു. രാത്രിയിലാണു അക്രമം ശക്തമാകുന്നതെന്നും ഇരകളാക്കപ്പെട്ടവര്‍ പറഞ്ഞു.

മുസ്‌ലിം വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ സിംഹള വിഭാഗത്തിലെ യുവാവ് കൊല്ലപ്പെട്ടതാണ് അക്രമങ്ങളിലേക്കു നയിച്ചത്. മരണം സംഭവിച്ചു രണ്ടു ദിവസത്തിനു ശേഷം സമീപത്തെ ഒരു ടൗണില്‍ പ്രതീകാത്മക ശവപ്പെട്ടിയുമായി സിംഹള വിഭാഗക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്ഥാപനങ്ങളും വാഹനങ്ങളും തീയിടാന്‍ തുടങ്ങി. അക്രമം നടത്തിയവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.