1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2020

സ്വന്തം ലേഖകൻ: കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിൽ പറയുന്നു.

കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90 ശതമാനം രോഗികളിലും ആൻ്റിബോഡികൾ വർധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60 ശതമാനം ആളുകൾക്കും രോഗബാധയുടെ സമയത്ത് ആൻ്റിബോഡി കൂടുതലുണ്ടാവും.

എന്നാൽ, മൂന്ന് മാസങ്ങൾക്കു ശേഷം ഈ ആൻ്റിബോഡി കേവലം 17 ശതമാനം ആളുകളിൽ മാത്രമാണ് നിലനിൽക്കുന്നത്. ചിലരിൽ തീരെ ആൻ്റിബോഡികൾ ഉണ്ടാവില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. കടുത്ത അസുഖമുള്ളവരിൽ കൂടുതൽ ആൻ്റിബോഡി ഉണ്ടാവുന്നുണ്ട്.

ശനിയാഴ്ചയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 64 രോഗികളെയും 6 ആരോഗ്യപ്രവർത്തകരെയുമാണ് പഠനത്തിനായി പരിശോധിച്ചത്. വളണ്ടിയർമാരിൽ പെട്ട മറ്റ് 31 പേരെയും ഇവർ നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസം കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല രംഗത്തെത്തിയിരുന്നു. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്.

വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു.

തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്നും ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി. പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബ്രിട്ടനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ തൊലിപ്പുറത്തെ തടിപ്പും ചിലരിൽ കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

കൊവിഡ് പോസിറ്റീവായി കണ്ടെത്തിയ 8.8 ശതമാനം പേരിൽ ഈ ലക്ഷണം പ്രകടമായിരുന്നു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. എൻഎച്ച്എസ് അംഗീകരിച്ചിട്ടുള്ള കൊവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഇത് ഉടൻ ഉൾപ്പെടുത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ മരിയോ ഫാൽച്ചിയുടെ നേതൃത്വത്തിലുള്ള പഠനസംഘം സർക്കാരിനോട് അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.