1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2022

സ്വന്തം ലേഖകൻ: സിലിക്കന്‍ വാലിയിലെ ടെക്‌നോളജി കമ്പനികള്‍ വാരിക്കൂട്ടുന്ന പണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തായി. ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനി ആപ്പിളാണ്– ഓരോ സെക്കന്‍ഡിലും 1,752 ഡോളര്‍. തൊട്ടുപിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗിളും ഉണ്ട്. സെക്കന്‍ഡില്‍ 1000 ഡോളറോ അതിലേറെയോ ആണ് ഇരു കമ്പനികളും ഉണ്ടാക്കുന്നത് എന്നാണ് സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന കമ്പനിയായ ടിപള്‍ടി (Tipalti) പറയുന്നത്. ഒരു ശരാശരി അമേരിക്കക്കാരന്‍ ഓരോ ആഴ്ചയും ഉണ്ടാക്കുന്ന പണത്തിലേറെയാണ് ഒരു സെക്കന്‍ഡില്‍ ഈ കമ്പനികള്‍ക്കു ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

ആപ്പിളിനു ലാഭം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ മുൻപില്‍ ഐഫോണ്‍ തന്നെയാണ്. ഈ വര്‍ഷം രണ്ടാം പാദത്തിലെ ലാഭത്തില്‍ 53.5 ശതമാനവും ഐഫോണ്‍ വഴിയാണ്. മാക് വില്‍പന വഴി 8.7 ശതമാനവും ഐപാഡുകളും വെയറബിള്‍സും വില്‍ക്കുക വഴി 18.8 ശതമാനവും ലാഭം ആപ്പിളിനു ലഭിക്കുന്നു. ഒരു ഇടത്തരം കുടുംബം ഒന്നടങ്കം 1,895 ദിവസം ജോലിയെടുത്താല്‍ കിട്ടുന്ന വരുമാനമാണ് ആപ്പിളിന് ഒരു ദിവസം ലഭിക്കുന്നതെന്നു സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നു. ആപ്പിളിന് 151 ദശലക്ഷം ഡോളറിലേറെയാണ് പ്രതിദിന ലാഭമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന് സെക്കന്‍ഡില്‍ 1000 ഡോളറാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന് കുറച്ചു കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്.

ആപ്പിള്‍ വരുമാനത്തിന്റെ സിംഹഭാഗവും ഉണ്ടാക്കുന്നത് വിവിധ ഉല്‍പന്നങ്ങള്‍ വിറ്റാണെങ്കില്‍ ഗൂഗിളിന്റെ പണംവാരല്‍ വിവിധ തരം ഡേറ്റ ശേഖരിച്ചാണ്. ആല്‍ഫബറ്റിന്റെ വരുമാനത്തിന്റെ 90 ശതമാനത്തിലേറെ വരുന്നത് ആന്‍ഡ്രോയിഡ്, ക്രോം, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ വഴിയാണ്. അതേസമയം, ക്ലൗഡ് കംപ്യൂട്ടിങ്, പഴ്‌സനല്‍ കംപ്യൂട്ടിങ്, ബിസിനസ് പ്രൊഡക്ടിവിറ്റി എന്നിവയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു വീതം നല്‍കിയത്.

മൊത്തം ടെക്‌നോളജി മേഖല 2020ല്‍ ഓരോ മിനിറ്റിലും 10,931 ഡോളറാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. എച്പി, എന്‍വിഡിയ, നെറ്റ്ഫ്‌ളിക്‌സ്, ഇബേ, ടെസ്‌ല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പേരുകളും പട്ടികയിലുണ്ട്. അതേസമയം ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക് ഉത്പാദകരും മികച്ച ലാഭം ഉണ്ടാക്കുന്നവരാണ് എന്നും ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ട് പറയുന്നു.

ആപ്പിളിന്റെ വയര്‍ലെസ് സ്പീക്കര്‍ ആയ ഹോംപോഡിന്റെ അടുത്ത പതിപ്പ് 2023ല്‍ ഇറങ്ങിയേക്കും. ആദ്യ ഹോംപോഡ് ഇറക്കിയത് 2018 ല്‍ ആയിരുന്നു. ഇതിന്റെ നിര്‍മാണം 2021ല്‍ നിർത്തി. ഐഫോണ്‍ 6എസില്‍ ഉപയോഗിച്ച പ്രോസസറുമായിട്ടായിരുന്നു ഇത് നിര്‍മിച്ചതെങ്കില്‍ അടുത്ത വര്‍ഷം ഇറക്കാന്‍ പോകുന്ന രണ്ടാം പതിപ്പില്‍ എസ്8 എന്ന പേരിലുള്ള, കൂടുതല്‍ നൂതനമായ പ്രോസസറായിരിക്കും ഉപയോഗിക്കുക. ഹോംപോഡ് മിനി ഇപ്പോഴും വല്‍പനയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.