1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2022

സ്വന്തം ലേഖകൻ: ആപ്പിളിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ ടെക്‌ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ഫോണ്‍ സീരീസായ ഐഫോണ്‍ 13 നെക്കുറിച്ചോ മാക്ബുക്കുകളെക്കുറിച്ചോ അല്ല ഈ പരസ്യം. ഏതാനും ദിവസം മുൻപു പുറത്തുവന്ന ഒരു വിവരം ഉപയോഗിച്ച് ഗൂഗിളിനെയും ആന്‍ഡ്രോയിഡിനെയും അടിക്കാനുള്ള വടിയായാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്.

അതുപോലെ തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ എന്തുകൊണ്ട് ആപ് ട്രാക്കിങ് ഓണ്‍ ചെയ്യണമെന്ന് ശക്തമായി ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഏതെല്ലാം തരത്തിലാണ് ഒരാളുടെ ഫോണില്‍നിന്നും ബ്രൗസറില്‍നിന്നും ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഗൂഗിളും മറ്റും ലേലത്തിനു വയ്ക്കുന്നത് എന്നാണ് ആപ്പിള്‍ തുറന്നുകാട്ടുന്നത്;

പരസ്യത്തിലെ നായിക യെലി (Ellie) എന്ന കൊച്ചു പെണ്‍കുട്ടിയാണ്. അവള്‍ ഒരു റെക്കോർഡ് ഷോപ്പിലേക്കു ചെല്ലുമ്പോള്‍ അവിടെ അവളുടെ സ്വകാര്യ വിവരങ്ങള്‍ ലേലം ചെയ്യപ്പെടുന്നതു കാണുന്നു. ഒരാളുടെ ഡേറ്റ എങ്ങനെ ചോര്‍ത്തുന്നു എന്നതിന്റെ ലഘുവിവരണം കൂടിയാണിത്. തന്റെ മെയിലിലെ വിവരങ്ങള്‍, ബ്രൗസിങ് ഹിസ്റ്ററി, കോണ്ടാക്ട്‌സ് തുടങ്ങിയവയെല്ലാം ലേലം ചെയ്യപ്പെടുന്നു എന്നാണ് യെലി കണ്ടെത്തുന്നത്.

ആപ്പിള്‍ ഇത് അല്‍പം അതിശയോക്തിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. ആപ്പുകളുടെ ട്രാക്കിങ് ഒഴിവാക്കുന്നതില്‍ ഐഫോണുകൾ എങ്ങനെ ആന്‍ഡ്രോയിഡുകളേക്കാള്‍ ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കമ്പനി പറയാതെ പറയുന്നു. എത്ര പെട്ടെന്ന് യെലിക്ക് തന്റെ ഫോണില്‍ ട്രാക്കിങ് ഒഴിവാക്കാനാകുന്നു എന്നാണ് ആപ്പിള്‍ കാണിക്കുന്നത്.

ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യത എങ്ങനെ തിരിച്ചുപിടിക്കണം എന്നതിനെക്കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ പരസ്യവും. സ്വകാര്യ വിവരങ്ങള്‍ മുതല്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ എങ്ങനെ ചില കമ്പനികള്‍ കൈക്കലാക്കുന്നുവെന്ന് കൂടുതല്‍ പേരെ ബോധവല്‍ക്കരിക്കാനാണ് കമ്പനിയുടെ ശ്രമം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സുതാര്യത ഇല്ലാത്ത രീതിയില്‍ ടെക്‌നോളജി കമ്പനികള്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ പറയുന്നു.

ഓണ്‍ലൈനായും ഓഫ്‌ലൈനായും ഡേറ്റ ശേഖരിച്ച് ചില കമ്പനികള്‍ വിറ്റുകൊണ്ടിരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ വഴി ടെക്‌നോളജി കമ്പനികള്‍ അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും മാത്രമായി 227 ബില്യന്‍ ഡോളറിലേറെയാണ് ഓരോ വര്‍ഷവും ഉണ്ടാക്കുന്നത്. ഉപയോക്താക്കള്‍ ബോധവാന്മാരാകാത്തിടത്തോളം കാലം ഇതിനെതിരെ ഒന്നും ചെയ്യാനാവില്ല. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഉപയോക്താക്കള്‍ അതതു കമ്പനികളുടേതല്ലാത്ത, സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്ന ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നത് ഒരു പരിധിവരെ സഹായിച്ചേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.