1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2024

സ്വന്തം ലേഖകൻ: പെഗാസസ് പോലുള്ള ‘മേഴ്‌സിനറി സ്‌പൈവെയര്‍’ ആക്രമണങ്ങള്‍ സംബന്ധിച്ച പുതിയ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. ഏപ്രില്‍ പത്തിനാണ് ആപ്പിള്‍ പുതിയ മുന്നറിയിപ്പ് അവതരിപ്പിച്ചത്. മേഴ്‌സിനറി സ്‌പൈ വെയര്‍ ആക്രമണം എന്താണെന്നും, ആപ്പിള്‍ എങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുകയെന്നും, ഉപഭോക്താക്കള്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.

മെഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണങ്ങള്‍ വ്യക്തിഗതമായി ലക്ഷ്യമിട്ടേക്കാവുന്ന ഉപയോക്താക്കളെ അറിയിക്കുന്നതിനും സഹായിക്കുന്നതിനുമാണ് ആപ്പിള്‍ ത്രെട്ട് നോട്ടിഫിക്കേഷന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. സാധാരണ സൈബര്‍ കുറ്റവാളികളില്‍ നിന്നും മാല്‍വെയറുകളില്‍ നിന്നുമുള്ള ആക്രമണങ്ങളേക്കാള്‍ സങ്കീര്‍ണമാണ് മെഴ്‌സിനറി സ്‌പൈവെയര്‍ പോലുള്ളവ ഉപയോഗിച്ചുള്ള ആക്രമണം. ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോണ്‍ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ മെഴ്‌സിനരി സ്‌പൈവെയറിന്റെ സഹായത്തോടെ സാധിക്കും.

ഒരു ചെറിയ വിഭാഗം വ്യക്തികള്‍ക്കും ഉപകരണങ്ങള്‍ക്കും എതിരെ വലിയ രീതിയിലുള്ള ശക്തമായ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണമാണ് മെഴ്‌സിനറി സ്‌പൈവെയറിന് പിന്നിലുള്ളവര്‍ നടത്തുന്നത്. ഇതിന് വലിയ ചിലവ് വരും. വളരെ ചുരുങ്ങിയ സമയം മാത്രമേ ആക്രമണം നടക്കൂ. അതിനാല്‍ അവ കണ്ടെത്തി തടയുക പ്രയാസമാണ്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കളില്‍ ബഹുഭൂരിഭാഗത്തെ ആക്രമണം ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

ഇത്രയും ചിലവുള്ള ആക്രമണങ്ങള്‍ സാധാരണ ഭരണകൂടങ്ങളുടേയും ഏജന്‍സികളുടെയും പിന്തുണയിലാണ് നടക്കാറുള്ളത്. പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ രാഷ്ട്രീയക്കാര്‍, നടതന്ത്രജ്ഞര്‍ എന്നിവരെയാണ് സാധാരണ ലക്ഷ്യമിടാറുള്ളതെന്നും എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈ വെയറിനെ ഉദാഹരണമാക്കി ആപ്പിള്‍ പറഞ്ഞു.

മെഴ്‌സിനറി ആക്രമണങ്ങള്‍ പോലുള്ളവ കണ്ടെത്താന്‍ ആപ്പിള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ അവയെല്ലാം പൂര്‍ണമായും വിജയം കാണണമെന്നില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. മുമ്പ് 2021 ല്‍ പെഗാസസ് എന്ന നിരീക്ഷണ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ആപ്പിള്‍ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 150 വ്യത്യസ്ത രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കളെയാണ് പെഗാസസ് ബാധിച്ചുവെന്നാണ് ആപ്പിള്‍ വെളിപ്പെടുത്തിയത്.

ഇത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. തങ്ങളുടെ ഉപഭോക്താക്കള്‍ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും അവരുടെ ഏജന്‍സികളുമാണെന്ന പെഗാസസ് സ്‌പൈവെയര്‍ നിര്‍മാതാക്കലായ എന്‍എസ്ഒ ഗ്രൂപ്പിന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് വിവാദം കനത്തത്. ഇന്ത്യയിലെ പ്രതിപക്ഷം ഇത് രാഷ്ട്രീയ വിവാദമാക്കി മാറ്റിയിരുന്നു.

നിങ്ങള്‍ ഇരയാണോ എന്ന് എങ്ങനെ അറിയാം ?

ഒരു ഉപഭോക്താവ് മേഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണത്തിന് ഇരയാണെന്ന് സ്ഥിരീകരിച്ചാല്‍ ആ വിവരം ആപ്പിള്‍ അയാളെ നേരിട്ട് അറിയിക്കും.
ആപ്പിള്‍ ഐഡിയുടെ ഹോം പേജില്‍ തന്നെ മുകളില്‍ അറിയിപ്പ് കാണാനാവും.
ഐമെസേജ് വഴിയും ഇമെയില്‍ വഴിയും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കും.
ഈ അറിയിപ്പുകള്‍ക്കൊപ്പം എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന മുന്നറിയിപ്പുണ്ടാവും.

ഉപയോക്താക്കള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം

ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍, ഏറ്റവും പുതിയ സോഫ്റ്റ്വെയറിലേക്ക് ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യുക. ഒരു പാസ്‌കോഡ് ഉപയോഗിച്ച് ഉപകരണങ്ങള്‍ സംരക്ഷിക്കുക. ആപ്പിള്‍ ഐഡിക്കായി ടു-ഫാക്ടര്‍ ഓതന്റിക്കേഷനും ശക്തമായ പാസ്വേഡും ഉപയോഗിക്കുക.ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഓണ്‍ലൈനില്‍ ശക്തവും സവിശേഷവുമായ പാസ്വേഡുകള്‍ ഉപയോഗിക്കുക. അജ്ഞാതര്‍ അയച്ച സന്ദേശങ്ങളിലെ ലിങ്കുകളിലോ അറ്റാച്ച്മെന്റുകളിലോ ക്ലിക്ക് ചെയ്യരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.