1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ ആപ്പിള്‍ പേ സേവനങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ആറു മുതല്‍ ഔദ്യോഗികമായി ആപ്പിള്‍ പേ സേവനങ്ങള്‍ രാജ്യത്ത് നിലവില്‍ വരും. ഇതിനു മുന്നോടിയായി രാജ്യത്തെ പല ഷോപ്പിംഗ് മാളുകളിലും സേവനം നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് മൊബൈല്‍ പേയ്മെന്റ് സേവനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുവൈത്ത് സാമ്പത്തിക മന്ത്രാലയവുമായും കുവൈത്ത് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ അതോറിറ്റിയുമായും ആപ്പിള്‍ നേരത്തേ ധാരണയിലെത്തിയിരുന്നു. കുവൈത്ത് പേയ്മെന്റ് നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വില്‍പ്പന കേന്ദ്രങ്ങളിലും പേയ്മെന്റ് സ്വീകരിക്കണമെന്ന വ്യവസ്ഥയിലാണ് അധികൃതര്‍ ആപ്പിള്‍ പേക്ക് അനുവാദനം നല്‍കിയിരിക്കുന്നത്.

അതേസമയം കുവൈത്തിലെ ‘ആപ്പിള്‍’ ഉപയോക്താക്കളില്‍ തൊണ്ണൂറു ശതമാനം പേരും ആപ്പിള്‍ പേ സേവനങ്ങളിലേക്ക് മാറുമെന്നാണ് കണക്കുകൂട്ടല്‍. ഐഫോണ്‍, ആപ്പിള്‍ വാച്ചുകള്‍ വഴി പേയ്മെന്റ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാകും എന്നതിനാലാണിത്. ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ നേരിട്ടുള്ളതും സുരക്ഷിതവുമായ പേയ്മെന്റ് സംവിധാനം എന്ന നിലയില്‍ 90 ശതമാനം പേരും പുതിയ സേവനത്തിലേക്ക് മാറുമെന്ന് ഇലക്ട്രോണിക് പേയ്മെന്റ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഐഫോണ്‍, ആപ്പിള്‍ വാച്ചുകള്‍ എന്നിവ വഴി പണമടയ്ക്കാം എന്നതിനോടൊപ്പം തന്റെ ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതില്ലെന്ന സൗകര്യവും ഉപയോക്താവിനുണ്ട്. എല്ലാ ബാങ്ക് കാര്‍ഡുകളും ആപ്പിള്‍ പേ സ്വീകരിക്കുമെന്നതാണ് മറ്റൊരു ആകര്‍ഷണം. പേയ്മെന്റുകള്‍ക്ക് ഇന്റര്‍നെറ്റ് ആവശ്യമില്ലെന്നതും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കുന്നുവെന്നതും ആപ്പിള്‍ പേയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ആപ്പിള്‍ പേ പെയ്‌മെന്റുകള്‍ക്കായി സവിശേഷമായ ട്രാന്‍സാക്ഷന്‍ ഐഡന്റിഫിക്കേഷന്‍ ലഭിക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താനാവും. അതോടൊപ്പം ഓരോ പേയ്മെന്റ് നടത്തുന്ന സമയത്തും മുഖമോ വിരലടയാളമോ ഐഡന്റിഫൈ ചെയ്യണമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം, പുതിയ പേയ്മെന്റ് സേവനമായ ‘ആപ്പിള്‍ പേ’ നിലവില്‍ വരുന്നതോടെ ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.