സ്വന്തം ലേഖകൻ: പുതിയ വീസ വാഗ്ദാനവുമായി സഞ്ചാരികളെ ആകർഷിക്കാൻ തായ്‌വാൻ. ആറ് മാസം വരെ കാലാവധിയുള്ള ഡിജിറ്റൽ നോമാഡ് വീസ അവതരിപ്പിക്കാനൊരുങ്ങുന്നതായി തായ്‌വാന്റെ ദേശീയ വികസന കൗൺസിൽ മന്ത്രി പോൾ ലീ അറിയിച്ചു. സഞ്ചാരികൾക്ക് അവർ സന്ദർശിക്കുന്ന രാജ്യത്ത് നിന്നു കൊണ്ട് തന്നെ നിയമപരമായി ജോലി ചെയ്യാനും വരുമാനം നേടാനും അനുവാദം നൽകുന്ന വീസയാണ് ഡിജിറ്റൽ നോമാഡ് വീസ.
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരവും ബിസിനസ് യാത്രയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തായ്‌വാൻ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ പദ്ധതി നടപ്പിലാക്കിയിരുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് 90 ദിവസം വരെ വീസയില്ലാതെ തായ്‌വാൻ സന്ദർശിക്കാം, എന്നാൽ ഈ കാലയളവിൽ ഇവർക്ക് ജോലി ചെയ്യാൻ വിലക്കുണ്ട്. അതേസമയം പുതുതായ് എത്തുന്ന ഡിജിറ്റൽ നോമാഡ് വീസ ഈ പ്രശ്നവും പരിഹരിക്കുന്നു. വീസയ്ക്ക് പുറമേ, ഉയർന്ന വരുമാനമുള്ള വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസാവകാശം നേടുന്നതിനുള്ള പ്രക്രിയയും തായ്‌വാൻ കാര്യക്ഷമമാക്കുന്നുണ്ട്.
ഇതോടെ സ്വന്തമായി ഡിജിറ്റൽ നോമാഡ് പ്രോഗ്രാമുകൾ ഉള്ള ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ അയൽരാജ്യങ്ങൾക്കൊപ്പമെത്തുകയാണ് തായ്‌വാൻ. പുതിയ പദ്ധതിയിലൂടെ സഞ്ചാരികൾക്ക് ജപ്പാനിലെ ആറ് മാസത്തെ താമസവും തായ്‌വാനിലെ സമാനമായ കാലയളവും സംയോജിപ്പിക്കാൻ കഴിയും.അടുത്തിടെ ദക്ഷിണ കൊറിയ രണ്ട് വർഷം വരെ സാധുതയുള്ള ഡിജിറ്റൽ നോമാഡ് വീസ അവതരിപ്പിച്ചിരുന്നു. ഈ സംരംഭത്തിലൂടെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാനാണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല