1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2020

സ്വന്തം ലേഖകൻ: കത്തോലിക്കാ സഭയുടെ എതിര്‍പ്പുകള്‍ക്കിടയിലും ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. മണിക്കൂറുകള്‍ നീണ്ട സെനറ്റ് യോഗത്തിനൊടുവിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി സെനറ്റിലെ ഭൂരിപക്ഷവും വോട്ട് ചെയ്തത്. 38 പേര്‍ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 29 പേര്‍ നിയമത്തെ എതിര്‍ത്തു.

ലോകത്ത് തന്നെ ഗര്‍ഭച്ഛിദ്രത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്റീന. ബലാത്സംഗ കേസുകളിലും അമ്മയുടെ ആരോഗ്യം അപകടകരമാകുന്ന സാഹചര്യത്തിലും മാത്രമേ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ലഭിക്കുകയുള്ളൂ.

പോപ്പ് ഫ്രാന്‍സിസിന്റെ നാടായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമപരമാക്കാന്‍ സാധിച്ചത് മറ്റു രാജ്യങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്നാണ് കരുതുന്നത്.നേരത്തെ അര്‍ജന്റീനയിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടിസ് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വലിയ സ്വാധീനമുള്ള കത്തോലിക്കാ സഭ തീരുമാനത്തിന് എതിരായിരുന്നു. സെനറ്റര്‍മാര്‍ക്ക് ബില്ലിനെ അനുകൂലിക്കരുതെന്നും കത്തോലിക്ക സഭ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അര്‍ജന്റീനയില്‍ ഇന്ന് ചേര്‍ന്ന സെനറ്റ് യോഗം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വനിതാവകാശ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഗര്‍ഭച്ഛിദ്രം നിയമപരമാക്കാന്‍ അര്‍ജന്റീനയില്‍ സമരം നടത്തിയിരുന്നു. അര്‍ജന്റീനയുടെ സെനറ്റ് തീരുമാനത്തിന് അംഗീകാരം നല്‍കിയത് മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്. അര്‍ജന്റീനയുടെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് നിയമത്തിന് പിന്തുണ നല്‍കിയിരുന്നു. ഗര്‍ഭച്ഛിദ്രം നിയമപരമാക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് വാഗ്ധാനവും നല്‍കിയിരുന്നു.

പതിനാല് ആഴ്ചവരെ ഗര്‍ഭച്ഛിദ്രം സൗജന്യവും നിയമപരവുമാക്കുന്നത് പൊതുജന ആരോഗ്യത്തിന് ആവശ്യമാണെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. താന്‍ കത്തോലിക്കാ വിശ്വാസിയാണെങ്കിലും തനിക്ക് എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളേണ്ടതുണ്ടെന്നായിരുന്നു ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.