സ്വന്തം ലേഖകൻ: ഇസ്രയേലിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ തെക്കന്‍ ലെബനനില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കരയുദ്ധത്തിന് തുടക്കംകുറിച്ചിട്ടുള്ളതെന്ന് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്).
ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്നാണ് സൈനിക നടപടിക്ക് പേര് നല്‍കിയിട്ടുള്ളത്. ഗാസയില്‍ നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതിനിടെ ലെബനൻ തലസ്ഥാനമായ ബയ്‌റുത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണവും ഇസ്രയേല്‍ തുടരുകയാണ്.
ബെയ്‌റുത്തില്‍ മണിക്കൂറുകള്‍ക്കിടെ ആറുതവണ വ്യോമാക്രമണം ഉണ്ടായെന്നും ഇതേത്തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കന്‍ ലെബനനിലുള്ള പലസ്തീന്‍ ക്യാമ്പടക്കം അക്രമിക്കപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്.
ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം നേരത്തെതന്നെ പറഞ്ഞിരുന്നു. നസ്രള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവന ആയിരുന്നു ഇത്. ഏതുസാധ്യതയെയും നേരിടുമെന്നും യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്രയേലിനാകില്ലെന്നും നയീം പറഞ്ഞു.
അതിനിടെ, നസ്രള്ളവധത്തോടെ എല്ലാം കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പുനല്‍കി. അതേസമയം, വെടിനിര്‍ത്തല്‍ക്കരാറിലെത്താന്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.
ഇറാനിയന്‍ ജനതയ്ക്ക് സന്ദേശം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപണമുള്ള ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ അസാധാരണ സന്ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല