1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2024

സ്വന്തം ലേഖകൻ: റഫ ആക്രമണത്തിനു മുന്നോടിയായി പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഈജിപ്തും ഖത്തറും ചേർന്നു തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു.

ഹമാസിന്റെ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവച്ചതിൽനിന്ന് ഏറെ മാറ്റമുള്ളതാണെങ്കിലും മധ്യസ്ഥരുമായി ചർച്ചയ്ക്കു സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതോടെ സമാധാനപ്രതീക്ഷ ഉയർന്നു. അതേസമയം, ബന്ദികളെ വിട്ടയയ്ക്കുന്നതിനു ഹമാസിൽ സമ്മർദം ചെലുത്താനായി സൈനികനടപടി തുടരുമെന്നും നെതന്യാഹു പറ‍ഞ്ഞു.

താൽക്കാലിക വെടിനിർത്തലിന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയാണു സമ്മതം അറിയിച്ചത്. പിന്നാലെ ഗാസയിൽ ജനം ആഘോഷം തുടങ്ങി. 42 ദിവസം വീതമുള്ള മൂന്നുഘട്ട പാക്കേജാണു മുന്നോട്ടുവച്ചതെന്ന് ഗാസയിലെ ഹമാസ് ഉപമേധാവി പറഞ്ഞു. ആദ്യഘട്ടത്തിൽ വെടിനിർത്തൽ, രണ്ടാംഘട്ടത്തിൽ ഇസ്രയേൽ സേനാ പിന്മാറ്റം, മൂന്നാംഘട്ടത്തിൽ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം എന്നാണു നിർദേശം.

10 ലക്ഷത്തിലേറെ പലസ്തീൻകാരാണ് റഫയിലെ അഭയാർഥിക്യാംപുകളിലുള്ളത്. 20 കിലോമീറ്റർ അകലെയുള്ള അഭയകേന്ദ്രത്തിലേക്കു നീങ്ങാനാണു സൈന്യത്തിന്റെ അറിയിപ്പ്. പെരുമഴയിൽ‌ ജനം പലായനം തുടങ്ങി. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് 7 മാസം പൂർത്തിയാകുമ്പോൾ ആകെ മരണം 34,735 ആയി. 78,108 പേർക്കു പരുക്കേറ്റു.

42 ദിവസം വീതമുള്ള മൂന്ന് ഘട്ട വെടിനിർത്തൽ കരാറാണ് ഇന്നലെ ഹമാസ് അംഗീകരിച്ചത്. മധ്യസ്ഥരായ ഖത്തറും ഈജിപ്തുമാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ആദ്യഘട്ടത്തിൽ സിവിലിയൻമാരായ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. സ്ത്രീകൾ, രോഗികൾ, 19 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ള പുരുഷന്മാർ എന്നിവരെയാണ് വിട്ടയക്കുക.

സാധാരണക്കാരായ ​ഓരോ ബന്ദിക്കും പകരം 30 ഫലസ്തീൻ തടവുകാരെയും ഓരോ ഇസ്രയേലി വനിതാ സൈനികർക്കും പകരം 50 പേരെയും ഇസ്രയേൽ മോചിപ്പിക്കും. അതിനിടെ വടക്കൻ ഇസ്രയേൽ – തെക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. കഴിഞ്ഞ ദിവസം ഇസ്രയേലിലെ കെരെം ശലോമിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 4 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.