1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2020

സ്വന്തം ലേഖകൻ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ തന്നെ അറസ്റ്റ് ചെയ്യാൻ അർണബിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിനൊപ്പം പോകാൻ അർണബ് കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.

2018ൽ അലിബാഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. സ്റ്റുഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ആൻവി നായിക്കിന് പണം നൽകാനുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അർണബിനെ അലിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ.

പൊലീസ് ഉദ്യോഗസ്ഥർ രാവിലെ അർണബിന്റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതായാണ് റിപബ്ലിക്ക് ടിവി റിപ്പോർട്ടു ചെയ്തത്. അർണബിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു. കോടതിയിൽ നിന്നുള്ള ഉത്തരവോ സമൻസോ ഇല്ലാതെ അർണബിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിലേക്കുള്ള എല്ലാ കവാടങ്ങളും സീൽ ചെയ്തതായും ആരെയും പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

2018ൽ ആർക്കിടെക്റ്റ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈനറായ ആൻവി നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻവി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരികരിച്ചിരുന്നു. എന്നാൽ കുമുദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചെന്നാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ആൻവി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.

ആൻവിയുടെ ആത്മഹത്യ കുറിപ്പിൽ അർണബ് അടക്കം മൂന്നു കമ്പനികളുടെ ഉടമകൾ വലിയ തുകകൾ നൽകാനുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം എടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ആൻവി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും കോൺട്രാക്ടർമാർക്ക് പണം നൽകാത്തതിന്റെ പേരിൽ നിരവധി ഭീഷണികൾ ഉണ്ടായിരുന്നെന്നും കണ്ടെത്തി. എന്നാൽ താൻ പണം മുഴുവൻ നൽകിയെന്നു പറഞ്ഞ് അർണബ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.