1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2024

സ്വന്തം ലേഖകൻ: ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റിനുനേരെ കഴിഞ്ഞ വർഷം ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുകെയിൽ താമസിക്കുന്ന ഇന്ദർപാൽ സിങ് ​ഘബ എന്നയാണ് പിടിയിലായത്. ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 2023 മാർച്ച് 22-നായിരുന്നു ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രണം ഉണ്ടായത്.

അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ അനുകൂലികൾ ദേശീയപതാക അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ഖലിസ്ഥാൻ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകർത്തു. രണ്ട് സുരക്ഷാജീവനക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.

2023 മാർച്ച് 18-ന് അമൃത്പാൽ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് നടത്തിയ നീക്കത്തിന്റെ പ്രതികാരമായാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു. മാർച്ച് 19-നും 22-നും ലണ്ടനിൽ ഇന്ത്യൻ മിഷണറികൾക്കും ഉദ്യോ​ഗസ്ഥർക്കും നേരെ നടന്ന ആക്രമണങ്ങൾ വലിയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായെന്നും എൻഐഎ അറിയിച്ചു.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കഴിഞ്ഞവർഷം ഖലിസ്ഥാൻവാദികളുടെ പ്രകടനവും അക്രമങ്ങളും ഉണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ പ്രതിഷേധക്കാർ ഇന്ത്യൻ കോൺസുലേറ്റിനുമുന്നിലെ പോലീസ് ബാരിക്കേഡുകൾ മറികടന്ന് ഓഫീസ് പരിസരത്ത് ഖലിസ്ഥാൻ പതാകകൾ സ്ഥാപിച്ചു. ഓഫീസിന്റെ വാതിലുകളിലും ജനലുകളിലും ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു.

ഓസ്ട്രേലിയൻ പാർലമെന്റിന് മുൻപിലും അമൃത്പാൽ സിങ്ങിന് പിന്തുണയുമായി ഖലിസ്ഥാൻവാദികൾ പ്രതിഷേധംനടത്തി. ഇരുന്നൂറോളം സിഖ് വംശജർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയുടെ പരിപാടി റദ്ദാക്കിയിരുന്നു. ഹൈക്കമ്മിഷണറുടെ പരിപാടി നടക്കേണ്ടിയിരുന്ന ബ്രിട്ടീഷ് കൊളംബിയയിലെ താജ് പാർക്ക് കൺവെൻഷൻ സെന്ററിന് മുന്നിൽ വാളുകളുമേന്തിയായിരുന്നു പ്രതിഷേധക്കാരെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.