1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2024

സ്വന്തം ലേഖകൻ: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. മുസാഫിര്‍ ഹുസൈന്‍ ഷാസിബ്‌, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടിയത്. സ്‌ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

മറ്റു പേരുകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടുന്നത്. കേസിലെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മതീന്‍ താഹയാണെന്നാണ് വിവരം. മുസാഫിര്‍ ഹുസൈന്‍ ഷാസിബാണ് ബോംബ് രാമേശ്വരം കഫേയില്‍ കൊണ്ട് വെക്കുന്നതും സ്‌ഫോടനം നടത്തുന്നതും. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷെരീഫാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്.

ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ലഭിച്ചത് എവിടെ നിന്നാണ് എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇവര്‍ സ്‌ഫോടനത്തിന് ശേഷം ആന്ധ്രാപ്രദേശിലേക്ക് കടന്നതായുള്ള വിവരം നേരത്തേ തന്നെ എന്‍.ഐ.എക്ക് ലഭിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

മാര്‍ച്ച് ഒന്നിനാണ് ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടക്കുന്നത്. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളുമുള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം നടന്നതിന് ശേഷം പ്രതികളുടെ ഫോട്ടോകളും വീഡിയോകളും എന്‍.ഐ.എ പുറത്തുവിട്ടിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ ഫെയിസ് മാസ്‌ക് ധരിച്ചിരുന്നതായും കണ്ടെത്തി.

സ്ഥലത്തുനിന്ന് നട്ടുകളും ബോള്‍ട്ടുകളും കണ്ടെത്തിയിരുന്നു. സ്‌ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമര്‍ ഡിവൈസും പോലീസ് കണ്ടെത്തി. ആദ്യം ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാര്‍ച്ച് മൂന്നിന് കേസ് എന്‍.ഐ.എ. ഏറ്റെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതിന് പിന്നാലെ വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.