1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2024

സ്വന്തം ലേഖകൻ: അരുണാചല്‍പ്രദേശില്‍ മൂന്നുപേരുടെ കൂട്ടമരണത്തിലേക്ക് വഴിയൊരുക്കിയത് നവീന്‍ തോമസാണെന്ന് സൂചന. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും അന്ധവിശ്വാസങ്ങളിലേക്ക് നയിച്ചത് നവീന്‍ ആണെന്നാണ് അന്വേഷണത്തിലെ സൂചനകള്‍. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ ജീവിക്കാമെന്ന് ഭാര്യ ദേവിയെയും ആര്യയെയും നവീന്‍ വിശ്വസിപ്പിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഇവരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പോലീസ് പരിശോധിച്ചുവരികയാണ്.

മരണാനന്തരജീവിതം, മരണത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായാണ് വിവരം. മരണശേഷം അന്യഗ്രഹത്തില്‍ താമസിക്കുമെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ഇക്കാര്യം ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും വിശ്വസിപ്പിച്ചിരുന്നതായും പറയുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെയാണ് ചൊവ്വാഴ്ച അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിനിടെ, മരിച്ച ദേവിയുടെ അച്ഛനുമായി സംസാരിച്ചപ്പോള്‍ ഇവര്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായി അരുണാചലിലെ ലോവര്‍ സുബാന്‍സിരി എസ്.പി. കെനി ബാഗ്ര കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരള പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. അതീന്ദ്രിയശക്തിയെന്ന് വിശ്വസിക്കുന്ന സംഘങ്ങളുടെ ഇടപെടലുകളും മന്ത്രവാദസംശയവുമൊക്കെ അന്വേഷണപരിധിയില്‍ വരും.

മാര്‍ച്ച് 28-നാണ് ഇവര്‍ ഹോട്ടലില്‍ 305-ാം നമ്പര്‍ മുറിയെടുക്കുന്നത്. 31 വരെ ഇവര്‍ പുറത്ത് പോയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചശേഷമാണ് ഇവര്‍ പുറത്തുപോയിരുന്നത്. എന്നാല്‍ ഒന്നാം തീയതി ഇവരെ കണ്ടില്ല. വൈകീട്ട് വിളിച്ചുനോക്കിയിട്ടും ആരും തുറന്നില്ല. രണ്ടാം തീയതി വാതില്‍ ശക്തിയായി തള്ളി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് എസ്.പി. പറഞ്ഞു.

അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നും എല്ലാ വശങ്ങളും പോലീസിന്റെ അന്വേഷണപരിധിയിലുണ്ടെന്നും എസ്.പി. വ്യക്തമാക്കി. നവീനും ദേവിയും മുന്‍പ് ഒരു തവണ അരുണാചലില്‍ എത്തിയെന്ന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ ഇവര്‍ കഴിച്ചതായും സൂചനയുണ്ട്. വീട്ടില്‍ നിന്നുമാറി കഴിഞ്ഞ രണ്ടുവര്‍ഷമായി പേരൂര്‍ക്കട അമ്പലമുക്കിലാണ് നവീനും ദേവിയും വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. ഇടയ്ക്ക് കോട്ടയം മീനടത്തേക്കും പോകുമായിരുന്നു.

മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ഡല്‍ഹിയില്‍ എത്തിച്ചശേഷം അവിടെ നിന്നാണ് കൊണ്ടുവരിക. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു. ഹോട്ടലില്‍ പോലീസ് ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇറ്റാനഗര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.