1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

സ്വന്തം ലേഖകന്‍: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം; കാറുകള്‍ തീയിട്ട് നശിപ്പിച്ചു; ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു!. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടതെന്നും അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നതെന്നും പിണറായി പ്രതികരിച്ചു.

നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചയോടെയാണ് തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.

സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു. ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.