സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ആസിയ ബീബിയുടെ മോചനം അനിശ്ചിതത്വത്തില്‍; ബീബിയുടെ ജീവനായി മുറവിളികൂട്ടി മതതീവ്രവാദികള്‍. മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് കോടതി ഒഴിവാക്കിയ ക്രൈസ്തവ സ്ത്രീയായ അസിയ ബീബിയുടെ മരണവാറന്റ് തയാറാക്കി പാക് ഭരണകൂടവും ഇസ്ലാമിക തീവ്രവാദികളും.
ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന് ഖാന് നയിക്കുന്ന പാക്കിസ്ഥാന് ഗവണ്മെന്റ് ബീബിയുടെ മോചനത്തിനു യാതൊന്നും ചെയ്യില്ലെന്നും ആസിയ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും തീവ്രവാദി സംഘങ്ങള്‍ക്ക് എഴുതിക്കൊടുത്തു. ഇത് ആസിയയുടെ മരണ വാറന്റാണെന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ ഭാരവാഹി വില്‍സണ്‍ ചൗധരി പറഞ്ഞു.
എട്ടു വര്‍ഷമായി ലാഹോറിലെ ഷെയ്ഖ്പുര ജയിലിലാണ് പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയായ ആസിയ. ഒരു മുസ്ലിമിന്റെ പാത്രത്തില്‍നിന്നു വെള്ളം കുടിക്കാന്‍ ശ്രമിച്ചതിനെ ത്തുടര്‍ന്നു തൊഴിലാളി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിലാണു കേസിന്റെ തുടക്കം. ആസിയ മുഹമ്മദ് നബിയെ അവഹേളിച്ചെന്ന് മറ്റൊരു സ്ത്രീ പരാതി പറഞ്ഞു. ഈ കേസില്‍ ആസിയയ്ക്കു 2010 ല്‍ വധശിക്ഷ വിധിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാന് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. ആസിയയ്ക്കെതിരായ കേസിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഉടനടി അവരെ മോചിപ്പിക്കാനും ഉത്തരവിട്ടു. പക്ഷേ ആസിയയെ മോചിപ്പിക്കും മുമ്പേ മതനിന്ദവിരുദ്ധ പ്രസ്ഥാനമായ തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാന് (ടിഎല്‍പി) നഗരങ്ങളില്‍ വലിയ പ്രകടനങ്ങള്‍ നയിച്ചു. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവച്ചു. രണ്ടു ദിവസത്തെ പ്രക്ഷോഭങ്ങളില്‍ 120 കോടി ഡോളറിന്റെ (8600 കോടി രൂപ) നഷ്ടമുണ്ടായെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല