സ്വന്തം ലേഖകൻ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകിട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോര് നടന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ കൂടി ആരവങ്ങളുയരുകയാണ്. നിലവിലെ ചാമ്പ്യന്മാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തര്‍ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് എ-യിലെ താരതമ്യേന ദുര്‍ബലരാണ് ലബനന്. പുതിയ കോച്ച് മാര്‍ക്വസ് ലോപസിന് കീഴിലെത്തുന്ന ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ക്യാപ്റ്റന്‍ ഹസന് അല്‍ ഹൈദോസ് പറഞ്ഞു. വൈകിട്ട് അഞ്ച് മണി മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.ഉദ്ഘാടന ചടങ്ങിന്റെ സസ്പെന്‍സ് സംഘാടകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.രണ്ട് മണി മുതല്‍ തന്നെ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
ശനിയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ആസ്ത്രേലിയയാണ് എതിരാളികള്‍. 9 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യന്‍ ആരാധകര്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ലുസൈലും അല്‍ബെയ്ത്തും അടക്കം ഏഴ് ലോകകപ്പ് വേദികള്‍ ഉള്‍പ്പെടെ 9 സ്റ്റേഡിയങ്ങളിലായാണ് ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ഏഷ്യൻ കപ്പിന് വെള്ളിയാഴ്ച കിക്കോഫ് വിസിൽ മുഴങ്ങാനിരിക്കെ ടിക്കറ്റ് വിൽപനക്ക് ഉപയോഗിക്കുന്ന വ്യാജ പ്ലാറ്റ്ഫോമുകൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി. വിവിധ വ്യാജ ടിക്കറ്റിങ് പ്ലാറ്റ് ഫോം സൈറ്റുകളുടെ വിവരങ്ങളും എൻ.സി.എസ്.എ പങ്കുവെച്ചു.
വ്യാജ വെബ്സൈറ്റുകളിൽനിന്ന് ഏഷ്യൻ കപ്പിനുള്ള ടിക്കറ്റുകൾ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് ടിക്കറ്റുകൾ വാങ്ങാനുള്ള ആരാധകരുടെ താൽപര്യം ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതെന്നും ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്ഫോമിൽ നിന്നോ ടിക്കറ്റ് റീസെയിൽ വെബ്സൈറ്റിൽ നിന്നോ അല്ലാതെ ടിക്കറ്റുകൾ വാങ്ങരുതെന്നും സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പു നൽകി.
അനധികൃത വഴിയിൽനിന്നും വാങ്ങിയ ടിക്കറ്റുകൾ സാധുവല്ലെന്നും അവ ഏതു സമയവും റദ്ദാക്കപ്പെടുമെന്നും സമൂഹ മാധ്യമങ്ങൾ വഴി എൻ.സി.എസ്.എ അറിയിച്ചു. എ.എഫ്.സി ഏഷ്യൻ കപ്പ് വെബ്സൈറ്റ് വഴിയോ ടിക്കറ്റ് റീസെയിൽ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ എടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല