സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും വലിയ ബുള്ളറ്റ് പ്രൂഫ് കുരിശ് കറാച്ചിയില്‍ ഉയരുന്നു. പാകിസ്ഥാനിലെ ക്രിസ്തുമത വിശ്വാസിയും ബിസിനസുകാരനുമായ പര്‍വേസ് ഹെന്റി ഗില്‍ ആണ് ഭീമന്‍ കുരിശിന്റെ നിര്‍മ്മാണത്തിനു പുറകില്‍. കറാച്ചിയിലെ പുരാതന ക്രിസ്ത്യന്‍ സെമിത്തേരിയായ ഗോരാ ക്വാബ്രിസ്ഥാനിലാണ് 140 അടി നീളമുള്ള കുരിശ് നിര്‍മിക്കുന്നത്.
മുസ്ലീങ്ങള്‍ കൂടുതലുള്ള ഈ രാജ്യത്ത് ജീവിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ദൈവം തന്നോട് ആവശ്യപ്പെട്ടെന്നും അങ്ങനെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കുരിശ് നിര്‍മിക്കാന്‍ താന്‍ തീരുമാനിച്ചതെന്നുമാണ് ഗില്‍ പറയുന്നത്. കുരിശ് ദൈവത്തിന്റെ അടയാളമാണെന്നും അതിനാല്‍ ഇത് കാണുന്നവര്‍ എല്ലാ വിഷമങ്ങളില്‍ നിന്നും മുക്തരാകുമെന്നും ഗില്‍ പറഞ്ഞു.
ഭൂമിക്കടിയിലേക്ക് 20 അടി താഴ്ത്തി കുഴിച്ചിട്ടിരിക്കുന്ന അടിത്തറയില്‍ നിര്‍മിച്ചിരിക്കുന്ന ഈ കുരിശിനെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിജയിക്കില്ലെന്നും ഗില്‍ അവകാശപ്പെട്ടു. പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പുതിയ കുരിശിന്റെ നിര്‍മ്മാണം.
2013 ല്‍ ഒരു പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല