1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2017

സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികള്‍ മാത്രം, ടൂറിസം അല്ലെങ്കില്‍ ടെററിസം,’ കശ്മീര്‍ യുവാക്കളോട് മോഡി, രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കപാത കശ്മീരില്‍ തുറന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത ഉദ്!ഘാടനം ചെയ്!തതിനൊപ്പം നടത്തിയ പ്രസംഗത്തിലാണ് തുരങ്കപാതയുടെ നിര്‍മാണത്തിന് പരിശ്രമിച്ച യുവാക്കളെ അഭിനന്ദിച്ച മോഡി മേഖലയിലെ വിഘടനവാദത്തെ കുറിച്ച് പരാമര്‍ശിച്ചത്.

‘വഴിതെറ്റിയ കുറച്ചു ചെറുപ്പക്കാര്‍ ഒരുവശത്ത് കല്ലെറിയുകയാണ്. മറ്റൊരുവശത്ത് പ്രയത്‌നശാലികളായ കശ്!മീരി യുവത്വം കല്ലുകള്‍കൊണ്ട് രാജ്യം നിര്‍മ്മിക്കുകയാണ്’ മോദി പറഞ്ഞു. രണ്ടുവഴികളാണ് കശ്!മീര്‍ യുവത്വത്തിന് മുന്നിലുള്ളത്. ടൂറിസം അല്ലെങ്കില്‍ ടെററിസം (ഭീകരവാദം). പുതിയ തുരങ്കപാത വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും ഇത് കൂടുതല്‍ വരുമാനം കശ്!മീരിലേക്ക് കൊണ്ടുവരുമെന്നും മോദി പറ!ഞ്ഞു.

സ്വന്തം കാര്യം നോക്കാന്‍ ശേഷിയില്ലാത്ത ഒരു രാജ്യം നമ്മുടെ കാര്യങ്ങള്‍ തലയിടാന്‍ ശ്രമിക്കുകയാണെന്ന് പാകിസ്താന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന് തീവ്രവാദം കൊണ്ട് ദോഷമല്ലാതെ ഗുണമുണ്ടായിട്ടില്ല. കശ്മീരില്‍ ചോര ചിന്താനേ തീവ്രവാദം കാരണമായിട്ടുള്ളൂ. ചോര ചിന്തുന്നത് ആര്‍ക്കും ഗുണകരമല്ല. ഇനി ഭാവിയിലും ഗുണം ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റോഡുകളുടെ നെറ്റ്‌വര്‍ക്കല്ല, ഹൃദയങ്ങളുടെ നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കാനാണ് ഞങ്ങളുടെ ശ്രമം. തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മുവിനും ശ്രീനഗറിനും ഇടയ്ക്ക് ദേശീയപാത 44 ല്‍ പത്ത് കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപാത തുരങ്കമാണ് ചെനാനിനഷ്‌റി ടണല്‍. ജമ്മു കശ്മീര്‍ പാതയിലെ യാത്രാ സമയം രണ്ട് മണിക്കൂര്‍ കുറയ്ക്കാന്‍ തുരങ്കം കാരണമാകും. തുരങ്കപാത ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ പ്രതിദിനം 27 ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്ക്. വര്‍ഷത്തില്‍ 99 കോടിയുടെ ഇന്ധനം ലാഭിക്കാന്‍ സാധിക്കും.

സമാന്തരമായ രണ്ട് തുരങ്കങ്ങളുടെ സമുച്ചയമായാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന പാതയില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ ഉപയോഗിക്കുന്നതിനാണ് സമാന്തര പാത നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ എട്ട് മീറ്ററിലും ശുദ്ധവായു ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും പാതയിലുണ്ട്. നിരവധി നിരീക്ഷണ ക്യാമറകളും 150 മീറ്റര്‍ ഇടവിട്ട് ഫോണ്‍ വിളിക്കാനുള്ള സൗകര്യവുമുണ്ട്. 2519 കോടി രൂപ ചെലവഴിച്ച് നാല് വര്‍ഷം കൊണ്ടാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനായിരുന്നു നിര്‍മ്മാണ ചുമതല.

അതിനിടെ ശ്രീനഗറിലെ നോവാട്ടയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 11 ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ സിആര്‍പിഎഫ് ജവാന്‍മാരും പോലീസ് സേനാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഡ്യൂട്ടികഴിഞ്ഞ് പോവുകയായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

അതേസമയം ഉദ്ഘാടനത്തിന് നരേന്ദ്ര മോഡി സംസ്ഥാനത്ത് എത്തുന്നതില്‍ പ്രതിഷേധിച്ച് കശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധം ജനജീവിതം സ്തംഭിപ്പിച്ചു. തലസ്ഥാനമായ ശ്രീനഗറില്‍ കടകേമ്പാളങ്ങള്‍ അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനങ്ങള്‍ ഓടിയത് ഒഴികെ തെരുവുകള്‍ വിജനമായി. സുരക്ഷ ശക്തമാക്കിയിരുന്നതിനാല്‍ ജനങ്ങള്‍ തെരുവിലിറങ്ങാനും ഭയന്നു. വികസനത്തെക്കുറിച്ച ഭംഗിവാക്കുകളിലൂടെ കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും അതില്‍ ജനങ്ങള്‍ വീഴില്ലെന്നും സമര നേതാക്കള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.