1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2022

സ്വന്തം ലേഖകൻ: അസം – മേഘാലയ അതിർത്തിയിലെ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെട്ടു. അസം പൊലീസ് നടത്തിയ വെടിവയ്പിലാണു മരണമെന്നു മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ആരോപിച്ചു. വെസ്റ്റ് ജയന്തിയ ഹിൽസിൽ ഇന്നലെ പുലർച്ചെ 3 ന് അസം പൊലീസും മേഘാലയയിലെ മുക്റോ ഗ്രാമവാസികളും തമ്മിലുള്ള സംഘർഷമാണു വെടിവയ്പിൽ കലാശിച്ചത്. മരിച്ചവരിൽ 5 പേർ മേഘാലയ ഗ്രാമവാസികളും ഒരാൾ അസം ഫോറസ്റ്റ് ഗാർഡുമാണ്.

അതിനിടെ മേഘാലയയിലെ ഇന്‍റർനെറ്റ് വിലക്ക് 48 മണിക്കൂർ കൂടെ നീട്ടി സംസ്ഥാന സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി. ആറ് പേരുടെ മരണത്തിന് കാരണമായ അസം- മേഘാലയ അതിർത്തിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്‍റർനെറ്റ് ഉപയോഗത്തിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സംസ്ഥാനത്തെ ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് നടപടി.

ജയന്തിയാ ഹിൽസ്, ഈസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി – ഭോയ്, ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നീ ഏഴ് ജില്ലകളിലാണ് ഇന്റർനെറ്റ് വിലക്ക് തുടരാൻ സർക്കാർ തീരുമാനിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അക്രമികൾ ട്രാഫിക് ബൂത്തും സിറ്റി ബസും ഉൾപ്പെടെ മൂന്ന് പൊലീസ് വാഹനങ്ങൾ കത്തിച്ചതിന് പിന്നാലെയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിൽ സംഘർഷം വ്യാപിച്ചത്.

നവംബർ 22 ന് അസം-മേഘാലയ അതിർത്തിയിൽ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ചില ഗ്രൂപ്പുകൾ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. മേഘാലയയിൽ നിന്നുള്ള അഞ്ച് പേരും അസം ഫോറസ്റ്റ് ഗാർഡിലെ ഒരു ഉദ്യോഗസ്ഥനുമുൾപ്പടെ ആറ് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. സംഘർഷം ശാന്തമാക്കാൻ പ്രദേശത്ത് വിന്യസിച്ച പൊലീസ് സേനക്ക് നേരെ പ്രതിഷേധക്കാർ കല്ലുകളും പെട്രോൾ ബോംബുകളും എറിഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാനും ഉത്തരവ് നടപ്പാക്കാനും സുരക്ഷ സേനക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം അസം-മിസോറം അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാർ നടത്തിയ വെടിവയ്പിൽ 6 അസം പൊലീസ് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടു മേൽനോട്ടം വഹിച്ചാണ് അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾക്കു തുടക്കമിട്ടത്. 1972 ൽ ആണ് അസം വിഭജിച്ച് മേഘാലയ രൂപീകരിച്ചത്.

അതേസമയം ബിജെപി ഭരണത്തിലുള്ള കർണാടകയും മഹാരാഷ്‌ട്രയും തമ്മില്‍ അതിർത്തിത്തർക്കം രൂക്ഷമായി. മഹാരാഷ്‌ട്രയുടെ ഒരിഞ്ചുപോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന്‌ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു. അതിർത്തിയിലെ 40 ഗ്രാമത്തെ ചൊല്ലിയാണ്‌ തർക്കം.

മഹാരാഷ്‌ട്രയിലെ സാഗ്ലി ജില്ലയിൽ ജലക്ഷാമം നേരിടുന്ന ചില ഗ്രാമങ്ങൾ കർണാടകത്തിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച്‌ പ്രമേയം പാസാക്കിയെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അവകാശപ്പെട്ടതാണ് തർക്കത്തിന്‌ തുടക്കം. മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമവും കർണാടകത്തിലേക്ക്‌ പോകില്ലെന്നും മറാത്ത സംസാരിക്കുന്ന ബെൽഗാം-, കാർവാർ-, നിപാനി ഉൾപ്പെടെയുള്ള കർണാടക പ്രദേശങ്ങൾക്കുവേണ്ടി സുപ്രീംകോടതിയിൽ പോരാടുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ തിരിച്ചടിച്ചു.

ഇത്‌ സ്വപ്‌നം മാത്രമാണെന്ന് ബൊമ്മെ മറുപടി നല്‍കി. ഇതിനിടെ പുണെയിൽ കർണാടക സർക്കാർ ബസിൽ ‘ജയ്‌ മഹാരാഷ്‌ട്ര’ മുദ്രാവാക്യം എഴുതിയതിനെതിരെ ബൊമ്മെ രംഗത്തുവന്നു. സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.