1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2019

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യ സന്ദർശിക്കാനുള്ള നീക്കത്തിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. അസം തലസ്ഥാനമായ ഗുവാഹതിയിൽ നടക്കുന്ന വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ ഡിസംബർ 15-ന് ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ, അസമിലുടനീളം പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ആബെ ഇന്ത്യാ സന്ദർശം റക്കാക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായും സമീപഭാവിയിലെ ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ ഒരുദിവസം സന്ദർശം നടക്കുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ആബെയുടെ അടുത്ത സന്ദർശനത്തിന്റെ സമയത്തച്ചൊല്ലി തങ്ങൾ ഇന്ത്യയുമായി സംസാരിക്കുമെന്നും അസമിലെ അരക്ഷിതാവസ്ഥ കാരണമാണ് ആബെ പിന്മാറുന്നതെന്നും ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിബിഡെ സുഗ പറഞ്ഞു.

ഡിസംബർ 15-ന് ഇന്ത്യയിലെത്തി 17-ന് തിരിച്ചുപോകുന്ന വിധത്തിലായിരുന്നു ആബെയുടെ സന്ദർശനം പദ്ധതിയിട്ടിരുന്നത്. 15-ന് പ്രധാനമന്ത്രിയെയും തുടർന്ന് രാജ്യത്തെ ഉന്നത നേതൃത്വത്തെയും ആബെ കാണുമെന്നായിരുന്നു വിവരം. ജപ്പാൻ പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ രാജ്യത്തിലെ വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖരും എത്താൻ സാധ്യതയുണ്ടായിരുന്നു.

അസമിലെ സംഘർഷത്തെ തുടർന്ന് ഇന്ത്യാ സന്ദർശനത്തിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ വിദേശ നേതാവാണ് ആബെ. ബംഗ്ലാദേശ് വിദേശമന്ത്രി എ.കെ അബ്ദുൽ മൊമിൻ, ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ എന്നിവരും ഈയിടെ ഇന്ത്യാ സന്ദർശനം ഉപക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.