1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പൊരുതി കോണ്‍ഗ്രസും ബിജെപിയും; കേന്ദ്രസര്‍ക്കാരിനും മോദിക്കും അഗ്‌നിപരീക്ഷ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്‌നിപരീക്ഷയാണ് ജനവിധി. പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്; പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തില്‍ സജീവമായതിനാല്‍ പ്രത്യേകിച്ച്.

പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബിജെപിക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഢും ബിജെപിയെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61ഉം ബിജെപിക്ക് അനുകൂലമായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതോടെ ബിജെപി ക്യാമ്പുകളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധ വികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധ വികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാനദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബിജെപിയെ കുഴയ്ക്കുന്നത്.

മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബിജെപി പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബിജെപിക്ക് അപ്രതീക്ഷിതമായി.

ചത്തീസ്ഗഢും ബിജെപിയുടെ ശക്തിദുര്‍ഗമാണ്. എക്‌സിറ്റ് പോളുകള്‍ രമണ്‍സിങ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗി, മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.