
സ്വന്തം ലേഖകൻ: സൗദിക്ക് പുറത്തുനിന്ന് കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് രാജ്യത്തെ ട്രാക്ടിങ് ആപ്ലികേഷൻ ആയ ‘തവക്കൽന’യിൽ വിവരങ്ങൾ ചേർക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് നിന്ന് കുത്തിവെയ്പ് എടുത്തവർക്ക് ഇത് ആശ്വാസമാകും.
അവധിക്ക് നാട്ടിൽ പോയവർ ആദ്യ ഡോസ് സ്വന്തം രാജ്യത്ത് നിന്ന് സ്വീകരിച്ചാൽ തവക്കൽനയിൽ രോഗ പ്രതിരോധ സ്ഥിതി കാണിക്കാത്തതിനാൽ രണ്ടാം ഡോസ് സൗദിയിൽ നിന്ന് എടുക്കാനാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. അതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. https://eservices.moh.gov.sa/CoronaVaccineRegistration/ എന്നതാണ് റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്.
സൗദിയിൽ അംഗീകരമുള്ള വാക്‌സീൻ ആയിരിക്കുക എന്ന നിബന്ധനക്ക് പുറമെ, അപേക്ഷകർ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം. സ്വദേശികൾ ദേശീയ തിരിച്ചറിയൽ രേഖയും പ്രവാസികൾ ഇഖാമയുമാണ് സമർപ്പിക്കേണ്ടത്. ആപ്പിൽ സമർപ്പിക്കുന്ന ഫയലുകൾ പിഡിഎഫ് ഫോർമാറ്റ് ആയിരിക്കണം എന്നതോടൊപ്പം ഫയലിന്റെ വലുപ്പം ഒരു എംബിയിൽ കൂടാനും പാടില്ല.
അപ്‌ലോഡ് ചെയ്യുന്ന വാക്സിനേഷൻ സർട്ടിഫിക്കൽ സ്വകാര്യ തിരിച്ചറിയൽ രേഖ ചേർത്തിരിക്കണം, സർട്ടിഫിക്കറ്റ് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ ആയിരിക്കുകയോ അതല്ലാത്തവ അറബിയിലേക്ക് അംഗീകൃത ഏജൻസികളിൽ നിന്ന് വിവര്ത്തനം ചെയ്തവയോ ആയിരിക്കണം. കൂടാതെ സർട്ടിഫിക്കറ്റിൽ വാക്‌സീൻ പേരും തീയതിയും അതിന്റെ ബാച്ച് നമ്പറും അടങ്ങിയിരിക്കണം.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് പുറമേ അപേക്ഷകർ അവരുടെ പാസ്‌പോർട്ടിന്റെ ഒരു പകർപ്പും അറ്റാച്ചു ചെയ്യേണ്ടതുണ്ട്. ഒരു അപേക്ഷയിൽ തീർപ്പ് കൽപിക്കുന്നതിന് മുമ്പ് പുതിയൊരു അപേക്ഷ അതേ വ്യക്തിക്ക് സമർപ്പിക്കാൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ അഞ്ച് പ്രവൃത്തി ദിവസം എങ്കിലും എടുക്കുമെന്നും അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിലെ അംഗീകൃത വാക്സീനുകൾ: ഫൈസർ-ബയോ ടെക്, മോഡേണ, ഓക്സ്ഫോർഡ്-അസ്ട്രസെനെക, ജോൺസൺ & ജോൺസൺ എന്നിവയാണ്. ഇന്ത്യയിൽ വ്യാപകമായി നൽകുന്ന കോവിഷീൽഡ്, അസ്‌ട്രാസെനിക്കയോട് തുല്യമാണെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ദേശീയ തിരിച്ചറിയൽ രേഖയോ ഇഖാമയോ ഇല്ലാത്ത, സന്ദർശക വീസയിലോ മറ്റോ രാജ്യത്ത് എത്തുന്നവർ അവരുടെ വാക്സിനേഷൻ വിവരങ്ങൾ മുഖീം പോർട്ടലിൽ ( https://muqeem.sa/#/vaccine-registration/home) ആണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല