സ്വന്തം ലേഖകന്‍: അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കാനുള്ളത് ആയിരം കോടി വരുന്ന വായ്പ, തിരിച്ചു പിടിക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍. അറ്റ്‌ലസ് ജ്വവല്ലറിയുമായി ബന്ധപ്പെട്ട വായ്പകളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ വായ്പ നല്‍കിയ യു.എ.ഇയിലെ പതിനഞ്ച് ബാങ്കുകള്‍ വ്യാഴാഴ്ച യോഗം ചേരും. അറ്റ്‌ലസ് രാമചന്ദ്രന്‍ ബാങ്കുകള്‍ക്ക് നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ രാമചന്ദ്രന്‍ വീട്ടില്‍ തന്നെയുണ്ടെന്നും വായ്പാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അറ്റ്‌ലസുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
ദുബായിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറു പരാതികളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. അറ്റ്‌ലസ് രാമചന്ദ്രനു പുറമേ അദ്ദേഹത്തിന്റെ മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യു.എ.ഇയിലെ പതിനഞ്ചോളം ബാങ്കില്‍ നിന്ന് ആയിരം കോടിയോളം രൂപയാണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തിരിക്കുന്നത്. ഈ വായ്പകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയും, ഈടായി നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങുകയും ചെയ്തതോടെയാണ് ബാങ്കുകള്‍ പരാതിയുമായി മുന്നോട്ട് പോയത്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ദുബായിലെ ജൂവലറികളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നാണ് സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല