1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2019

സ്വന്തം ലേഖകൻ: ട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും വീഴ്‌ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുമായുണ്ടായത് വ്യാജ ഏറ്റുമുട്ടലായിരുന്നു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടക്കുക. ഉള്‍വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മഞ്ചിക്കണ്ടി ആദിവാസി ഊരിലെത്തിച്ചത്. പ്രത്യേക സുരക്ഷയൊരുക്കിയാണ് മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മേഖലയില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്ന സംശയത്തില്‍ അട്ടപ്പാടി വനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.

മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റമുട്ടല്‍ വ്യാജമെന്ന വെളിപ്പെടുത്തലുമായി ആദിവാസി ആക്ഷന്‍ കൌണ്‍സില്‍ നേതാവ് മുരുകന്‍ രംഗത്തെത്തി. വെടിവെച്ചു കൊന്ന മാവോയിസ്റ്റുകള്‍ നേരത്തേ കീഴടങ്ങാന്‍ തയ്യാറായിരുന്നു. നവനീത് ശര്‍മ ഐ.പി.എസ് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ പദ്ധതി ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ മാവോയിസ്റ്റുകളുമായി ആശയ വിനിമയം നടത്തിയിരുന്നു. ചര്‍ച്ച നടക്കുന്നതിനടയിലാണ് പൊലീസ് ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകളെ കണ്ടുപിടിച്ച് വെടിവെച്ചുകൊന്നതെന്നും മുരുകന്‍ മീഡിയവണിനോട് പറഞ്ഞു.

മാവോവാദികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ കമ്മീഷന്‍ സംസ്ഥാനപോലീസ് മേധാവിക്ക് നോട്ടീസയച്ചു. മാവോവാദികളെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നേരിട്ടു നടത്തി സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.