1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2021

സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഓസ്ട്രേലിയയിൽ കൂടുതൻ ഇളവുകൾ. ജൂലൈ 15 ന് ഏര്‍പ്പെടുത്തിയ മിക്ക നിയന്ത്രണങ്ങളിലും ബുധനാഴ്ച മുതല്‍ അയവ് വരുത്തുമെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിക്ടോറിയയിലെ 50 ലക്ഷം ജനങ്ങളെ വീടുവിട്ട് പുറത്ത് പോകാന്‍ അനുവദിക്കുമെന്നും സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വീടുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു. കൂടാതെ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തിയിലും നിയന്ത്രണം കര്‍ശനമാക്കും. പൊതു സമ്മേളനങ്ങളില്‍ 10 പേര്‍ വരെ ആകാം. സ്ഥല പരിമിതി അനുസരിച്ച് ഒരു വേദിയില്‍ പരമാവധി 100 ആളുകളെ വരെ പങ്കെടുപ്പിക്കാമെന്നും ആന്‍ഡ്രൂസ് പറയുന്നു.

“സിഡ്‌നിയിലെ പ്രശ്‌നം സിഡ്‌നിയില്‍ മാത്രം ഒതുക്കുന്നതാണ് നല്ലതെന്നും ന്യൂ സൗത്ത് വെയില്‍സിലേക്കും വിക്ടോറിയയിലേക്കും അത് കടത്തുന്നത് ഉചിതമല്ലെന്നും എനിക്ക് തോന്നുന്നു,“ ആന്‍ഡ്രൂസ് പറഞ്ഞു.

അതേസമയം, “കൊവിഡിന്റെ വ്യാപനം കുറഞ്ഞാലും വിക്ടോറിയയില്‍ ലോക്ക്ഡൗണ്‍ തുടരും. പുതിയ കേസുകളുടെ എണ്ണം ദിവസവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കൊവിഡ് കേസ് 16 മാസത്തിനടിയലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്,“ എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂ സൗത്ത് വെയില്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഒരു ദിവസം മുമ്പ് ഇത് 145 ആയിരുന്നു.

“നിലവില്‍ തുടരുന്ന അഞ്ച് ആഴ്ചത്തെ ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യത്തില്‍ ഈ ആഴ്ച തന്നെ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനത്തെ ജനസംഖ്യയുടെ 13% ല്‍ താഴെ മാത്രം ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് അതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,“ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെക്ലിയന്‍ പറഞ്ഞു.

“ലോക്ക്ഡൗണുകള്‍ ഓസ്‌ട്രേലിയയെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നാണ് കരുതുന്നത്,“ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു. ലോക്ക്ഡൗണുകള്‍ പ്രതിദിനം 300 മില്യണ്‍ ഡോളര്‍ നഷ്ടം ഉണ്ടക്കുമെന്നും, കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ 2 ട്രില്യണ്‍ ഡോളര്‍ (1.5 ട്രില്യണ്‍ ഡോളര്‍) നഷ്ടം പുതിയ ജിഡിപി കണക്കുകളില്‍ പ്രതിഫലിക്കുമെന്നും ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു.

ഡെക്കാന്‍ ഹറാള്‍ഡിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ന്റെ തുടക്കത്തില്‍ കൊവിഡ് ആദ്യമായി പ്രത്യക്ഷപ്പെട്ടതിന് ശേഷം ഓസ്‌ട്രേലിയയില്‍ 33,100 കൊവിഡ് കേസുകളും 920 മരണങ്ങളും മാത്രമാണ് സ്ഥിരീകരിച്ചത്. ലോക്ഡൗണ്‍, സാമൂഹിക അകലം പാലിക്കല്‍, കൊവിഡ് സ്ഥിരീകരിച്ചവരെ പെട്ടെന്ന് കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കല്‍ തുടങ്ങിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ കാരണമാണ് ഓസ്ട്രേലിയയുടെ കൊവിഡ് -19 കേസുകള്‍ ഗണ്യമായി കുറക്കാന്‍ കഴിഞ്ഞത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. കൊവിഡിന്‍റെ പുതിയ രൂപമായ ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

‘ലോക്ഡൗണിനെ തുടര്‍ന്ന് സിഡ്‌നിയില്‍ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. കൂടാതെ മെല്‍ബണിലും ബ്രിസ്ബേണിലും പ്രതിഷേധമുണ്ടായി. ‘സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ റോഡുകള്‍ തടഞ്ഞും, ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയെറിഞ്ഞും പ്രതിഷേധിച്ചു. തുടര്‍ന്ന് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.’– വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.