1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2020

സ്വന്തം ലേഖകൻ: : 2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു. 2,500 കെട്ടിടങ്ങള്‍ ഇതില്‍ 1500 വീടുകള്‍ എന്നിവയും കത്തിയമര്‍ന്നു. വിക്ടോറയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല.

മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ കൂട് കൂടുതലുള്ള കാലാവസ്ഥയാണ്. ഇത്തവണ റെക്കാര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്ത് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏതാണ്ട് നൂറോളം സ്ഥലങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

വിക്ടോറിയ, തെക്കന്‍ ഓസ്ട്രേലിയ, ന്യൂ സൗത്ത് വേല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അഗ്നിബാധ ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ക്യൂന്‍സ് ലാന്‍റ് എന്നീ സംസ്ഥാനങ്ങളിലും അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തു.

നാസ ക്ലൗഡ് ഡ്രാഗണ്‍ എന്ന് വിളിക്കുന്ന പ്രതിഭാസം രൂപപ്പെടുന്നതായാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. പൈറോക്യുമുലോനിംബസ് എന്ന് അറിയപ്പെടുന്ന മേഘപടലമാണ് ഓസ്ട്രേലിയ്ക്ക് മുകളില്‍ രൂപപ്പെടുന്നത്. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പടരുന്ന കാട്ടുതീയില്‍ നിന്നും ഉയരുന്ന പുകയാണ് പൈറോക്യുമുലോനിംബസ് രൂപപ്പെടുത്തുന്നത്. മുകളിലേക്കുയരുന്ന കനത്ത പുകയാണ് തണുത്തുറഞ്ഞ് പൈറോക്യുമുലോനിംബസ് മേഘ ബാന്‍റായി മാറുന്നത്.

ഒരു പ്രദേശത്തിന്‍റെ കാലവസ്ഥ കുറച്ച് കാലത്തേക്ക് നിയന്ത്രിക്കാന്‍ തന്നെ ശേഷിയുള്ളവയാണ് പൈറോക്യുമുലോനിംബസ് എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഈ മേഘപടലം സൃഷ്ടിക്കുക. കനത്ത മഴയുണ്ടാക്കും എന്നതിനപ്പുറം വലിയ തോതില്‍ ഇടിമിന്നല്‍ ഈ മേഘപടലം സൃഷ്ടിക്കുന്നു. ഒപ്പം കൊടുങ്കാറ്റിനും കാരണമാകും.

ഇടിമിന്നല്‍ ഓസ്ട്രേലിയയിലെ കൂടുതല്‍ ഭാഗങ്ങളില്‍ തീ ഉണ്ടാക്കാന്‍ കാരണമാകും. കാറ്റ് വരുന്നത് തീ പടരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റുകള്‍ രൂപപ്പെട്ടേക്കാം എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇപ്പോള്‍ ഭൂനിരപ്പില്‍ നിന്നും 16 കിലോമീറ്റര്‍ ഉയരത്തിലാണ് പൈറോക്യുമുലോനിംബസ് മേഖലങ്ങള്‍ രൂപപ്പെടുന്നതായി ഓസ്ട്രേലിയന്‍ കാലാവസ്ഥ കേന്ദ്രം ട്വീറ്റ് ചെയ്യുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സാധാരണ ഭൗമോപരിതലത്തില്‍ നിന്നും ആറു മുതൽ 30 മൈൽ വരെ മുകളിലാണ് ഈ മേഘങ്ങള്‍ രൂപപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.