
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ മെൽബണിൽ ഗാന്ധി പ്രതിമ തകർക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ഗാന്ധി പ്രതിമയുടെ തലയറുത്തു മാറ്റാനാണ് അക്രമികൾ ശ്രമിച്ചത്. ഡ്രില്ലിങ് മെഷീൻ പോലെയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുറിച്ചെങ്കിലും തകർത്തുമാറ്റാൻ സാധിച്ചില്ല. സംഭവത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നടുക്കം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യൻ സർക്കാർ ഉപഹാരമായി നൽകിയ ഗാന്ധി പ്രതിമയാണ് തകർക്കാൻ ശ്രമം നടന്നത്. മെൽബണിൽ ശനിയാഴ്ചയാണ് സംഭവം. അനാച്ഛാദനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രതിമക്ക് നേരെ ആക്രമണം. ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിന് മുന്നിലായിരുന്നു ഗാന്ധിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചത്. വെള്ളിയാഴ്ച പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് അനാച്ഛാദനം നിർവഹിച്ചത്. കോൺസൽ ജനറൽ രാജ്കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
പ്രതിമ തകർത്ത സംഭവം തന്നെ ഞെട്ടിച്ചുവെന്ന് സ്കോട്ട് മോറിസൺ പ്രതികരിച്ചു. സാംസ്കാരിക പ്രതീകങ്ങളെ തകർക്കുന്ന നടപടികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധി പ്രതിമയുടെ തല തകർക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന് ഓസ്ട്രേലിയ ഇന്ത്യ കമ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റ് മേധാവി വാസൻ ശ്രീനിവാസൻ പറഞ്ഞു. വിക്ടോറിയ മേഖലയിൽ മാത്രം മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല