1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2024

സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുവാന്‍ വലിയ പിഴ ചുമത്തുകയാണ്. ഓസ്‌ട്രേലിയയില്‍ എത്തി അടുത്തിടെ ഡ്രൈവിഗ് ടെസ്റ്റ് പാസായവരുടെ വാഹനത്തില്‍ പി എന്നെഴുതിയ പ്ലേറ്റ് സ്റ്റിക്കറുകള്‍ പതിക്കാറുണ്ട്. ഡ്രൈവര്‍ക്ക് പ്രൊബേഷണറി ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ ഉള്ളൂ എന്ന് സൂചിപ്പിക്കുന്നതിനായാണ് ഇത് വാഹനത്തില്‍ സ്ഥാപിക്കുന്നത്.

ഈ കാലയളവില്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ഫോണ്‍ ചെയ്യുന്നത് മാത്രമല്ല, ഫോണിലെ ജിപിഎസോ, ബ്ലൂ ടൂത്തോ ഓണ്‍ ചെയ്ത് മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും സംഭവം കുറ്റകരമാണ്. ഇതറിയാതെ പ്രവര്‍ത്തിച്ച ആയിരക്കണക്കിനു പേര്‍ക്കാണ് ഭീമമായ പിഴത്തുക ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ലോ ഗ്രൂപ്പിന്റെ മാനേജിംഗ് പാര്‍ട്ണറായ ജഹാന്‍ കലന്തറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രാന്‍സ്പോര്‍ട്ട് ഫോര്‍ എന്‍എസ്ഡബ്ല്യൂ അനുസരിച്ച്, ഹാന്‍ഡ്സ്-ഫ്രീ മോഡ് ബ്ലൂടൂത്ത് അല്ലെങ്കില്‍ ലൗഡ്സ്പീക്കര്‍ ഓപ്ഷനുകള്‍, അല്ലെങ്കില്‍ ജിപിഎസ് നാവിഗേഷന്‍ എന്നിവയുണ്ടെങ്കില്‍പ്പോലും പ്രൊബേഷണറി ഡ്രൈവിംഗ് ലൈസന്‍സ് ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. പോലീസ് പരിശോധനയില്‍ ഡിജിറ്റല്‍ ലൈസന്‍സ് ഹാജരാക്കുകയോ ഡ്രൈവ്-ത്രൂവില്‍ അവരുടെ വാലറ്റ് ഫംഗ്ഷനുകള്‍ ഉപയോഗിക്കുകയോ ചെയ്യണമെങ്കില്‍ മാത്രമേ അവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുവാന്‍ അനുവാദമുള്ളൂ.

ഇതറിയാതെ ഫോണ്‍ അനാവശ്യമായി ഉപയോഗിച്ച് ഡിമെറിറ്റ് പോയന്റ് നഷ്ടമായത് നിരവധിപേര്‍ക്കാണ്. അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെടുന്ന P1 ഡ്രൈവര്‍മാര്‍ അവരുടെ ഡീമെറിറ്റ് പോയിന്റ് പരിധി കവിയുകയും മൂന്ന് മാസത്തെ ലൈസന്‍സ് സസ്പെന്‍ഷന്‍ നേരിടുകയും ചെയ്യും, അതേസമയം P2 ലൈസന്‍സ് ഉടമകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി പിടിക്കപ്പെട്ടാല്‍ രണ്ട് ഡീമെറിറ്റ് പോയിന്റുകള്‍ മാത്രമേ അവശേഷിക്കുള്ളൂ.

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്നത് സ്‌കൂള്‍ മേഖലയില്‍ വച്ചാണെങ്കില്‍ 349 ഡോളറും അല്ലെങ്കില്‍ 514 ഡോളറുമാണ്. കൂടാതെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ഇരട്ട ഡീമെറിറ്റ് കാലയളവില്‍ 10 ഡീമെറിറ്റ് പോയിന്റുകളായി വര്‍ദ്ധിക്കും. ഗൂഗിള്‍ മാപ്സ് ഉപയോഗിക്കുന്നത് പോലും നിയമവിരുദ്ധമാണെന്ന് ഭൂരിഭാഗം യുവാക്കളും തിരിച്ചറിയാത്തതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ടിക് ടോക്ക് വീഡിയോയിലൂടെ കലന്തര്‍ പറഞ്ഞു.

നഗരങ്ങളിലെ സ്ഥലങ്ങള്‍ മനസിലാക്കിയെടുക്കുവാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുവാന്‍ കഴിയാത്ത ഈ നിയമം തികച്ചും അന്യായമാണെന്നും പി-പ്ലേറ്റേഴ്‌സിനെ തന്നെ ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലഹരണപ്പെട്ടുപോയ ഭ്രാന്തന്‍ നിയമം എന്നാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.