1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2021

സ്വന്തം ലേഖകൻ: വിദേശത്ത് നിന്നുമുള്ള വിദ്യാർത്ഥികൾക്കും ജോലിക്കാർക്കുമുള്ള നിയന്ത്രണം അടുത്ത മാസം മുതൽ നീക്കാനൊരുങ്ങി ഓസ്‌ട്രേലിയ. കൊറോണയുടെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്ക് ശേഷം ഡിസംബർ ഒന്ന് മുതൽ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കും. നീണ്ട 20 മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്.

ആഭ്യന്തര വകുപ്പ് മന്ത്രി കാരെൻ ആൻഡ്രൂസ് ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ രാജ്യം ഒരു ചുവട് കൂടി മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ ഉള്ളവർക്ക് മറ്റ് ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിരോധനം കഴിഞ്ഞ മാസം എടുത്ത് മാറ്റിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു. രണ്ട് വാക്‌സിനും സ്വീകരിച്ചവർക്കായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖകളോ കൈവശം വയ്‌ക്കേണ്ടതാണ്. ഇന്ത്യൻ നിർമ്മിത വാക്‌സിനുകളായ കൊവാക്‌സിനും കോവിഷീൽഡും ഓസ്‌ട്രേലിയ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക രംഗത്തിനും ഈ നീക്കം കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും ഡിസംബർ ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകും. രണ്ട് വാക്‌സിനും സ്വീകരിച്ചവർക്കായിരിക്കും ഇതിനുള്ള അനുമതി ലഭിക്കുന്നത്.

വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ തിരികെ എത്തുന്നതോടെ 25,000കോടി രൂപയോളം സാമ്പത്തികനേട്ടം രാജ്യത്തിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികളാണ് ഓരോ വർഷവും ഇവിടെ പഠനത്തിനായി എത്തിച്ചേരുന്നത്. ഇവിടെ പഠിച്ചു കൊണ്ടിരുന്നവർക്ക് എത്രയും വേഗം തിരികെ വരാമെന്നും, ഏറ്റവും മികച്ച വാർത്തയാണ് ഇതെന്നും കാരെൻ ആൻഡ്രൂസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.