1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2021

സ്വന്തം ലേഖകൻ: ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ. ബ്രെക്‌സിറ്റിനു ശേഷം ഏതെങ്കിലും വിദേശ രാജ്യവുമായി ധാരണയിലെത്തുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാരാണിത്. ഈ താരിഫ് ഫ്രീ കരാർ പ്രകാരം ബ്രിട്ടീഷ് കാറുകൾ, സ്കോച്ച് വിസ്കി, ബിസ്കറ്റ്, സെറാമിക്സ് എന്നിവ വില കുറച്ചു വിൽക്കാൻ കഴിയുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു. കരാൻ ഓസ്‌ട്രേലിയയുമായുള്ള യുകെയുടെ ബന്ധത്തിൽ ഒരു പുതിയ പ്രഭാതം അടയാളപ്പെടുത്തിയെന്നായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചത്.

പുതിയ സ്വതന്ത്ര വ്യാപാര കരാർ ബ്രിട്ടീഷ് ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും മാത്രമല്ല ലോകത്തിന്റെ മറുവശത്ത് ജോലിചെയ്യാനും ജീവിക്കാനും ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്കും മികച്ച അവസരങ്ങൾ തുറക്കുന്നതാണെന്നും ജോൺസൺ ചൂണ്ടിക്കാട്ടി. ഡൗണിംഗ് സ്ട്രീറ്റിലെ അത്താഴ വിരുന്നിലാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും കരാറിലെ നിബന്ധനകൾക്ക് അംഗീകാരം നൽകിയത്.

35 വയസ്സിന് താഴെയുള്ള ബ്രിട്ടീഷുകാർക്ക് ഓസ്‌ട്രേലിയയിൽ യാത്ര ചെയ്യാനും ജോലി ചെയ്യാനുമുള്ള ചട്ടങ്ങൾ ഉദാരമാക്കുന്നതാണ് കരാറിൻ്റെ പ്രധാന ആകർഷണം. ബ്രിട്ടനിലെ ജനപ്രിയ ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങളായ ജേക്കബ്സ് ക്രീക്ക്, ഹാർഡിസ് വൈനുകൾ, നീന്തൽ വസ്ത്രങ്ങൾ, മിഠായികൾ എന്നിവയുടെ വില കുറയുന്നത് ബ്രിട്ടീഷ് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. കൂടാതെ ശരാശരി വീട്ടു ബജറ്റിൽ പ്രതിവർഷം 34 മില്യൺ ഡോളർ വരെ ലാഭിക്കുകയും ചെയ്യാം.

സ്കോച്ച് വിസ്കിയുടെ താരിഫ് 5 ശതമാനം വരെ കുറയ്ക്കുന്നതിലൂടെ ഈ കരാർ ഡിസ്റ്റിലറുകളെ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. മിഡ്‌ലാന്റിലെയും നോർത്ത് ഇംഗ്ലണ്ടിലെയും കാർ നിർമ്മാതാക്കൾക്കും 5 ശതമാനം വരെ താരിഫ് കുറയും. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ഓർഡറുകൾ സ്വന്തമാക്കിയ വെയിൽസിലെ 450 ലധികം ബിസിനസുകൾക്ക് ഈ കരാർ ഗുണകരമാകുമെന്നും ലൈഫ് സയൻസ് കമ്പനികൾക്കും രാസവസ്തു നിർമ്മാതാക്കൾക്കും പ്രോത്സാഹനം നൽകുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച കരാർ സൂചന നൽകുന്നു.

വടക്കൻ അയർലണ്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കയറ്റുമതിയുടെ 90 ശതമാനവും ഓസ്‌ട്രേലിയൻ ഖനനം, ക്വാറി, റീസൈക്ലിംഗ് മേഖലകളിലേക്കുള്ള യന്ത്രസാമഗ്രികളും ഉൽപാദന വസ്തുക്കളുമാണ്. കരാർ പ്രകാരം ഈ ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് നീക്കംചെയ്യുകയും കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യും.

2020 ൽ യുകെയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാരം 13.9 ബില്യൺ ഡോളറായിരുന്നു, ഓസ്‌ട്രേലിയയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് നിലവിൽ യുകെ. വിശാലമായ ഏഷ്യാ പസഫിക് സ്വതന്ത്ര വ്യാപാര കരാറിൽ ചേരുന്നതിനുള്ള യുകെയുടെ ഒരു സുപ്രധാന ചുവടു വയ്പ്പായാണ് ഓസ്ട്രേലിയയുമായുള്ള കരാർ വിലയിരുത്തപ്പെടുന്നത്.

ട്രാൻസ്-പസഫിക് കരാറിൽ (സി‌പി‌ടി‌പി‌പി) അംഗമാകുന്നത് ബ്രിട്ടീഷ് കർഷകർക്ക് വലിയ അവസരങ്ങൾ നൽകുമെന്ന് യുകെ സർക്കാർ പറഞ്ഞു. എന്നാൽ യുകെ അതിന്റെ ഭക്ഷ്യ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെക്കുറിച്ച് പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റീസും ട്രേഡ് സെക്രട്ടറി ലിസ് ട്രസും തമ്മിൽ നിലനിൽക്കുന്ന ശീതസമരം കാർഷിക സമൂഹത്തിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്. .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.