1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2024

സ്വന്തം ലേഖകൻ: ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5 ഓസ്‌ട്രേലിയൻ വനിതകളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ ഖത്തർ എയർവേയ്‌സിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കോടതി തള്ളി. ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയുടേതാണ് വിധി. എന്നാൽ എയർപോർട്ടിൻ്റെ നടത്തിപ്പുകാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള അവകാശവാദം ഭേദഗതി ചെയ്യാമെന്ന് ഫെഡറൽ കോടതി ജസ്റ്റിസ് ജോൺ ഹാലി വ്യക്തമാക്കി.

2020 ഒക്ടോബറിലായിരുന്നു സംഭവം. ദോഹ എയർപോർട്ടിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന്, കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമാനത്തിൽ നിന്നും 13 ഓസ്‌ട്രേലിയൻ വനിതകളെ പുറത്തിറക്കി ദേഹപരിശോധന നടത്തിയത്. നടപടി വിവാദമായതിനെ തുടർന്ന് ഖത്തറിലെ അധികൃതർ വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ തീരുമാനത്തിൽ തൃപ്തി വരാതെയാണ് ഓസ്‌ട്രേലിയൻ വനിതകൾ നഷ്ടപരിഹാരത്തിനായി അവരുടെ രാജ്യത്തെ കോടതിയെ സമീപിച്ചത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഖത്തർ എയർവേയ്‌സും വാദിച്ചു. ഖത്തർ എയർവേസിലെയോ വിമാനത്താവള മാനേജ്‌മെന്റിന്റെയോ ജീവനക്കാരായിരുന്നില്ല പരിശോധന നടത്തിയതെന്നും, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊലീസ് ഉദ്യോഗസ്ഥരാണ് വനിതകളെ പരിശോധിച്ചതെന്നും ഖത്തർ എയർവേസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.