1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2022

സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവർലെസ് പാർക്കിംഗ് അവതരിപ്പിക്കുകയാണ് ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ജർമനിയിലെ ജെർലിംഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കമ്പനിയായ ബോഷുമായി ചേർന്നാണ് മെർസിഡീസ് ഈ നേട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്. എന്നാൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നാകും പലരുടേയും മനസിലെത്തുന്ന ആദ്യ ചോദ്യം.

ജർമനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള മെർസിഡീസ് ബെൻസ് മ്യൂസിയം പാർക്കിംഗ് ഗരാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത പാർക്കിംഗ് സ്ഥലത്തേക്ക് കാറുകളെ സ്വയം ഓടിക്കാൻ പ്രാപ്തമാക്കുന്ന പൂർണ ഓട്ടോമേറ്റഡ് സെൽഫ് പാർക്കിംഗ് സംവിധാനത്തിനാണ് ബോഷിനും മെർസിഡീസ് ഗ്രൂപ്പിനും ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ‘ഓട്ടോമേറ്റഡ് വാലറ്റ് പാർക്കിംഗ്’ സേവനം ഒരു സ്‌മാർട്ട്‌ഫോൺ ആപ്പ് വഴി ആക്‌സസ് ചെയ്യാൻ കഴിയും. കൂടാതെ ഇതിന് ഒരു ഡ്രൈവറിന്റെ ആവശ്യകതയുമില്ല എന്നതുമാണ് പ്രത്യേകത.

ഇത് ലോകത്തിലെ ആദ്യത്തെ പൂർണ ഓട്ടോമേറ്റഡ് ഡ്രൈവർലെസ് SAE ലെവൽ 4 പാർക്കിംഗ് ഫംഗ്‌ഷനായി ദൈനംദിന ഉപയോഗത്തിനായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. രണ്ട് കമ്പനികളും 2015 ൽ പൂർണമായും ഓട്ടോമേറ്റഡ് ഡ്രൈവർലെസ് പാർക്കിംഗിന്റെ വികസനത്തിനായി പ്രവർത്തനം തുടങ്ങിയെന്നും പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 2018 മുതൽ മെർസിഡീസ് ബെൻസ് മ്യൂസിയം പാർക്കിംഗിൽ സേവനം ലൈവാണെന്നും ബോഷ് പറയുന്നു. എന്നാൽ ഈ സേവനം ഓട്ടോമാറ്റിക് കാറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

അതായത് നിലവിൽ മാനുവൽ ഗിയർബോക്‌സുള്ള കാറുകൾക്ക് ഈ സേവനം ലഭ്യമല്ലെന്ന് അർഥമാക്കുന്നു. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സ്റ്റിയറിംഗ് അസിസ്റ്റൻസ്, സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷൻ, നിങ്ങളുടെ കാറിൽ നിർമിച്ച കമ്മ്യൂണിക്കേഷൻ യൂണിറ്റ് എന്നിവ പോലുള്ള ഉപകരണങ്ങൾ സേവനം ഉപയോഗിക്കുന്നതിനുള്ള മുൻവ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഇന്റലിജന്റ് പാർക്കിംഗ് ഗാരേജ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് ഡ്രൈവറില്ലാ സംവിധാനം കാറിനെ പാർക്കിംഗിന് സ്ഥലമുള്ള
ഇടത്തിലേക്ക് നയിക്കുകയും കാർ പാർക്ക് ചെയ്യുകയും അതുവഴി സമയം ലാഭിക്കാനുമാവുകയും ചെയ്യും.

മാത്രമല്ല പാർക്കിംഗ് സമയത്ത് ഡ്രൈവറിന് സംഭവിക്കുന്ന പിശകുകൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കുകയും അതേ പ്രദേശത്ത് വാഹനങ്ങൾക്ക് 20 ശതമാനം കൂടുതൽ ഇടം സൃഷ്ടിക്കാനും സഹായിക്കുമെന്നും ബോഷ് അവകാശപ്പെടുന്നു. കൂടാതെ, ഓട്ടോമേറ്റഡ് വാലറ്റ് പാർക്കിംഗ്, പാർക്കിംഗ് സൗകര്യം ഓപ്പറേറ്റർമാർക്ക് അവരുടെ നിലവിലുള്ള പാർക്കിംഗ് ശേഷികൾ മികച്ച രീതിയിൽ വിന്യസിക്കാനും ഓട്ടോമേറ്റഡ് ബാറ്ററി ചാർജിംഗ് അല്ലെങ്കിൽ കാർ വാഷ് പോലുള്ള സേവനങ്ങൾ നൽകാനും ഇത് പ്രാപ്തമാക്കും.

ഒരു ഡ്രൈവർ എന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ടത് നിയുക്ത ഡ്രോപ്പ്-ഓഫ് ഏരിയയിൽ വാഹനം നിർത്തി കാറിൽ നിന്ന് ഇറങ്ങുക എന്നതാണ്. തുടർന്ന് പാർക്കിംഗ് ഗരാജിൽ സ്ഥാപിച്ചിട്ടുള്ള ബോഷ് ഇൻഫ്രാസ്ട്രക്ചർ ഏറ്റെടുക്കുകയും വാഹനത്തിലെ സാങ്കേതികവിദ്യയുമായി ഇടപഴകുകയും വാഹനത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നു. ഇത് യഥാർഥത്തിൽ നമുക്ക് തോന്നുന്നത്ര ലളിതമാണ് താനും. വാഹനത്തിന്റെ വലിപ്പത്തിന് അനുയോജ്യമായ പാർക്കിംഗ് സ്ഥലമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നതെന്നും ബോഷ് പറയുന്നു.

ബോഷ് സാങ്കേതികവിദ്യയിൽ പാർക്കിംഗ് ഗരാജിലെ അനുയോജ്യമായ അല്ലെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന പാർക്കിംഗ് സ്ഥലങ്ങൾ തിരിച്ചറിയുന്ന ക്യാമറകൾ വരെ സജ്ജീകരിച്ചിട്ടുണ്ട്. അത് ഡ്രൈവിംഗ് കോറിഡോറും അതിന്റെ ചുറ്റുപാടുകളും നിരീക്ഷിക്കുന്നു. അതിനൊപ്പം വാഹനത്തിന് ഉടനടി പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ അപ്രതീക്ഷിതമായ തടസങ്ങളെയോ കാറിന്റെ പാതയിലെ വ്യക്തികളെയോ കണ്ടെത്തുന്നു. തുടർന്ന് കാറിലെ സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ചറിൽ നിന്നുള്ള കമാൻഡുകൾ ഡ്രൈവിംഗ് ആസൂത്രണമാക്കി മാറ്റുന്നു. പിന്നീട് ആവശ്യം കഴിഞ്ഞ് ഉടമ തിരിച്ചെത്തിക്കഴിഞ്ഞാൽ ചെയ്യേണ്ടത് സ്‌മാർട്ട്‌ഫോൺ ആപ്പിൽ വാഹനത്തെ വിളിക്കുക എന്നതാണ്.

സിസ്റ്റം അത് മനസിലാക്കി വാഹനത്തെ പിക്ക്-അപ്പ് ഏരിയയിലേക്ക് തിരികെ കൊണ്ടുവരും. വാഹനം ഗരാജിൽ നിന്ന് പുറത്തുകടക്കുമ്പോൾ പാർക്കിംഗ് ഫീസ് പേയ്‌മെന്റ് സ്വയമേവ പ്രോസസ് ചെയ്യപ്പെടുകയും ചെയ്യും. 2022 ജൂലൈയ്ക്ക് ശേഷം നിർമിക്കുന്ന മെർസിഡീസ് ബെൻസ് S-ക്ലാസ് അല്ലെങ്കിൽ EQS മോഡലിന് മാത്രമേ ഓട്ടോമേറ്റഡ് വാലറ്റ് പാർക്കിംഗ് സംവിധാനം ഇപ്പോൾ ലഭ്യമാകൂ എന്ന കാര്യവും ഓർമിക്കേണ്ടതാണ്. മാത്രമല്ല നിലവിൽ മെർസിഡീസ് ബെൻസ് മ്യൂസിയം പാർക്കിംഗിൽ മാത്രം സംവിധാനം പ്രാവർത്തികമാക്കിയിട്ടുള്ളൂ. എന്നിരുന്നാലും, ജർമനിയിലെ മറ്റ് പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഈ സംവിധാനം ലഭ്യമാക്കുന്നതിന് കുറച്ചു കൂടി സമയം വേണ്ടി വന്നേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.