1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2023

സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസന്‍സിനുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനില്‍ ഉള്ള വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കാമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ലൈസന്‍സിന് വാഹനത്തിന്റെ എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ എന്നിവ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിനുള്ള ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോഗ്രാമില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് നേടുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍ ബാധകമാകുക. ഇരുചക്ര വാഹനങ്ങള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഔട്ട് ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ലൈസന്‍സുണ്ട്.

2019-ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗതാഗത മന്ത്രാലായം നിയമത്തില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും കേരളം ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഓട്ടോമാറ്റിക്കോ മാന്വല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാനം ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും പുറപ്പെടുവിക്കാതിരുന്നതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.

ഓട്ടോമാറ്റിക് വാഹനങ്ങള്‍ ലൈസന്‍സ് ടെസ്റ്റിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ലൈസന്‍സ് നല്‍കുന്നതിനു നിലവിലുള്ള മാനദണ്ഡങ്ങളില്‍ പഠിതാവിന്റെ ഗിയര്‍ഷിഫ്റ്റ് രീതികളെ വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ കൃത്യമായ നിര്‍ദേശങ്ങള്‍ ഇല്ലാതെ ഏങ്ങനെ ടെസ്റ്റിങ് രീതിയില്‍ മാറ്റംവരുത്തുമെന്ന സംശയമാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.