1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2018

സ്വന്തം ലേഖകന്‍: രാമക്ഷേത്രത്തിനായി അയോധ്യയില്‍ വന്‍ റാലി; കുംഭമേളയില്‍ തീയതി പ്രഖ്യാപിക്കുമെന്ന് വിഎച്ച്പി; പ്രതിജ്ഞയെടുത്ത് സന്യാസിമാര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ തീയതി അടുത്തവര്‍ഷം പ്രയാഗ് രാജില്‍ (അലഹാബാദ്) നടക്കുന്ന കുംഭമേളയില്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മോഹി അഖാഡയിലെ മഹന്ദ് രാംജി ദാസ്. അയോധ്യയില്‍ വി.എച്ച്.പി. ഞായറാഴ്ച സംഘടിപ്പിച്ച ‘ധരംസഭ’യിലാണ് പ്രഖ്യാപനം. കുറച്ചുദിവസത്തേക്ക് എല്ലാവരും ക്ഷമകാണിക്കണമെന്നും രാംജി ദാസ് പറഞ്ഞു.

രാമക്ഷേത്രം പണിയാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായാണ് ഞായറാഴ്ച അയോധ്യയില്‍ വന്റാലിയും ധരംസഭയും സംഘടിപ്പിച്ചത്. മൂന്നു ലക്ഷത്തോളം പേര്‍ പരിപാടിക്കെത്തിയെന്നാണ് വി.എച്ച്.പി. നേതാക്കള്‍ അവകാശപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വി.എച്ച്.പി., ശിവസേനാ പ്രവര്‍ത്തകരാണ് കാവിവസ്ത്രങ്ങളിഞ്ഞ് കാവിക്കൊടിയുമായി പരിപാടികളില്‍ പങ്കെടുത്തത്. ‘ജയ് ശ്രീറാം’ വിളികള്‍ മുഴക്കി ശ്രീരാമന്റെ ചിത്രവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമഭജനകളും അരങ്ങേറി. 1992ല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം രാമക്ഷേത്രമെന്ന ആവശ്യവുമായി ഇത്രയധികം ആളുകള്‍ അയോധ്യയിലെത്തുന്നത് ആദ്യമാണ്. അതിനിടെ നാഗ്പുരിലും വി.എച്ച്.പി.യുടെ നേതൃത്വത്തില്‍ യോഗം നടന്നു. ക്ഷമ നശിച്ചെന്നാണ് യോഗത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് വിഷയത്തോട് പ്രതികരിച്ചത്. സുപ്രീം കോടതി രാമക്ഷേത്രനിര്‍മാണത്തിന് പ്രാധാന്യം നല്‍കുന്നില്ലെങ്കില്‍ അതിനായി നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ആദ്യം ക്ഷേത്രം, പിന്നെ സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി വിഎച്ച്പിയും ക്ഷേത്രനിര്‍മാണ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും അയോധ്യയില്‍ വെവ്വേറെ സമ്മേളനങ്ങളാണു നടത്തിയത്. അയോധ്യ ശനിയാഴ്ച മുതല്‍ കനത്ത പൊലീസ് കാവലിലാണ്. 75,000 വിഎച്ച്പി പ്രവര്‍ത്തകര്‍ അയോധ്യയിലെത്തിയെന്നാണു വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.