1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2017

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇവിടെ 42 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഇന്‍കുബേറ്ററിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലുമായാണ് ഈ മരണങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മസ്തിഷ്‌കജ്വരം ബാധിച്ചാണ് ഏഴു കുട്ടികള്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റ് രോഗങ്ങള്‍ ബാധിച്ചും കുട്ടികള്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയില്‍ ഈമാസം മാത്രം 290 കുട്ടികളാണ് മരിച്ചതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.കെ.സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയോ നേറ്റല്‍ ഐസിയുവില്‍ 213 ഉം മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് 77 കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 1,250 മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും സിങ് വ്യക്തമാക്കി.

അതിനിടെ, ഇവിടെ കനത്ത മഴയും മറ്റ് പ്രശ്‌നങ്ങളും തുടരുന്നതിനാല്‍ ഇനിയും മരണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ മാസം ഏഴിനും 11നും മധ്യേ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ അപ്പോള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്‌ലയേയും അറസ്റ്റു ചെയ്തിരുന്നു. ഇവരുള്‍പ്പെടെ നിരവധി ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മസ്തികജ്വരവും മറ്റ് അസുഖങ്ങളും മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളാണ് ഓക്‌സിജന്‍ ലഭിക്കാതെ പിടഞ്ഞുമരിച്ചത്. എന്നാല്‍ ഓക്‌സിജന്‍ അഭാവമല്ല, രോഗം മൂലമാണ് മരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.